അന്തസ്സുണ്ടെങ്കില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവർണ്ണർ സ്ഥാനം രാജിവെക്കണം: ഡിവൈഎഫ്ഐ
തിരുവനന്തപുരം: സുപ്രീംകോടതിയില്‍ നിന്നും രൂക്ഷ വിമർശനം നേരിടേണ്ടി വന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കണമെന്ന് ഡി വൈ എഫ് ഐ. ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കാതെ അമിതാധികാര പ്രയോഗം നടത്തി ബില്ലുകൾ തടഞ്ഞുവെച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീംകോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ സ്ഥാനത്തിരിക്കാൻ ധാർമ്മികമായി അവകാശമില്ലാതായിരിക്കുകയാണെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
കേരള നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രീകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന വേളയിൽ അതിരൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്തു നിന്നും ഗവർണ്ണർക്കെതിരെ ഉണ്ടായത്. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റിയില്ലെങ്കില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരുമെന്നും ഇല്ലെങ്കില്‍ ജനങ്ങള്‍ ഞങ്ങളോട് ചോദിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

കേരളത്തിന്റെ ഹര്‍ജി തള്ളണമെന്ന ഗവര്‍ണറുടെയും കേന്ദ്രസര്‍ക്കാരിന്റെയും ആവശ്യം സുപ്രീംകോടതി തള്ളുകയും ഗവര്‍ണറുടെ അധികാര പ്രയോഗം സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാം എന്നു പറയുകയും ചെയ്തെന്നും ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടുന്നു.
ചില ബില്ലുകൾ രണ്ട് വര്‍ഷം പിടിച്ചുവെച്ചത് എന്തിനാണെന്നും 32-ാം അനുഛേദം അനുസരിച്ച് സുപ്രീം കോടതി ഇടപെട്ട ശേഷം മാത്രമാണ് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടതെന്നും കോടതി പറഞ്ഞു. ഇത്രയും വലിയ കാലതാമസം ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നും സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭ ചർച്ച ചെയ്തു പാസാക്കിയ നിയമം സാങ്കേതിക കാരണങ്ങൾ പറഞ്ഞു ദീർഘകാലം ഒപ്പിടാതെ വൈകിപ്പിച്ച ഗവർണർ ഇന്ത്യൻ ഭരണഘടനയാണ് വെല്ലുവിളിച്ചത് എന്ന് ഈ പരാമർശങ്ങളിലൂടെ വ്യക്തമാവുകയാണ്. ജനാധിപത്യത്തിൽ ജനങ്ങളും ജനങ്ങൾ തിരഞ്ഞെടുക്കുന്ന നിയമനിർമ്മാണ സഭയും അതിന്റെ തീരുമാനങ്ങളുമാണ് വലുതെന്ന് അടിസ്ഥാനപരമായ ഭരണഘടന ബോധ്യം പോലും ഇല്ലാത്ത ഗവർണർക്ക് ആ സ്ഥാനത്ത് തുടരാൻ യാതൊരു യോഗ്യതയുമില്ല.
ഇല്ലാത്ത അധികാരം ഉണ്ടെന്ന് കാണിച്ച് ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കാൻ ശ്രമിച്ച അദ്ദേഹം ആദ്യം ഇന്ത്യൻ ഭരണഘടന വായിച്ച് മനസിലാക്കാൻ ശ്രമിക്കണം. കോടതി പരാർമശത്തിന്റെ അർത്ഥം മനസിലായെങ്കിൽ, ഭരണഘടനയോടു വിധേയത്വവും വ്യക്തിപരമായി അന്തസ്സും ഉണ്ടെങ്കിൽ ആരിഫ് മുഹമ്മദ് ഖാൻ ഗവർണ്ണർ സ്ഥാനം രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications