ബിരിയാണിച്ചെമ്പ് നാടകം കോൺഗ്രസ് - ബിജെപി കൂട്ടു സംഘത്തിന്റെ മുസ്ലീം വിരുദ്ധത: വികെ സനോജ്
കണ്ണൂർ: ബിരിയാണിച്ചെമ്പ് നാടകം വീണ്ടും അവതരിപ്പിക്കുക വഴി വെളിവാകുന്നത് കോൺഗ്രസ് - ബിജെപി കൂട്ടു സംഘത്തിന്റെ മുസ്ലീം വിരുദ്ധതയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയെന്ന സ്വപ്ന സുരേഷിന്റെ പരിഹാസ്യ വാദത്തെ ഏറ്റു പിടിച്ചു കോൺഗ്രസ്സ് -ബിജെപി സംയുക്ത മുന്നണി നടത്തിയ കോപ്രായങ്ങൾ നമ്മൾ മുന്നേ കണ്ടതാണ്. ഇപ്പോൾ അത് നിയമ സഭയിൽ കൂടി ചർച്ച ചെയ്യപ്പെട്ടപ്പോൾ കോൺഗ്രസിന്റെ മുസ്ലീം വിരുദ്ധത മറ നീക്കി പുറത്ത് വന്നിരിക്കുകയാണ് എന്ന് വികെ സനോജ് പ്രതികരിച്ചു.
'മഹിളാ കോൺഗ്രസ്സ് സമരത്തിൽ തലയിൽ ബിരിയാണി ചെമ്പ് വച്ചു നടന്ന സ്ത്രീ പരമ്പരാഗത മുസ്ലീം വേഷത്തിന്റെ ചലച്ചിത്ര മാതൃകയിലാണ് തെരുവിൽ പ്രത്യക്ഷപ്പെട്ടത്. സ്വപ്ന സുരേഷിന്റെ കെട്ടുകഥകളിൽ എവിടെയെങ്കിലും സ്വർണ്ണക്കടത്തുമായി മുസ്ലീം സമുദായത്തിന് ബന്ധമുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നോ? ഒരു ചാനൽ ചർച്ചയിൽ വന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ ബിരിയാണി ചെമ്പ് കഥയും സ്വർണ്ണക്കടത്ത് വിഷയവും ഹീനമായ മുസ്ലീം വിരുദ്ധത പടർത്താനാണ് ഉപയോഗിച്ചത്. അതിനോട് എതിർപ്പ് പ്രകടിപ്പിച്ചു CPI(M) പ്രതിനിധി ചർച്ചയിൽ തുടരില്ലെന്ന് അറിയിക്കുക പോലുമുണ്ടായി'.

'സ്വപ്ന ചമച്ചുവിട്ട ബിരിയാണിച്ചെമ്പിന്റെ കഥ ഉപ്പു തൊടാതെ വിഴുങ്ങി സ്വർണ്ണക്കടത്തു വിഷയത്തിൽ മുസ്ലീം സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്താനും പരിഹസിക്കാനും അവമതിയ്ക്കാനുമാണ് ഇരു പാർട്ടികളും ശ്രമിച്ചത്. വിശുദ്ധ ഗ്രന്ഥവും ഈന്തപ്പഴവും വിവാദമാക്കിയ സ്വർണ്ണക്കടത്തിന്റെ മുൻ എപ്പിസോഡുകളുടെ പിന്തുടർച്ച തന്നെയാണ് ഈ ബിരിയാണിച്ചെമ്പു വഴി കോൺഗ്രസും - ബിജെപിയും അൽപ്പ ദിവസം മുന്നേ നടത്തിയത്. ഇപ്പോൾ ആ അശ്ലീലത്തെ നിയമ സഭയ്ക്കുള്ളിലേക്കും കൊണ്ടു വന്നിരിക്കുകയാണ്. തിരുതമീൻ എന്ന സൂചകം പ്രയോഗിച്ച് മത്സ്യബന്ധനം നടത്തി ജീവിക്കുന്ന സമൂഹത്തെയാകെ കോൺഗ്രസ്സുകാർ വംശീയാധിക്ഷേപം നടത്തിയ അനുഭവം അധികം പഴയതല്ല'.
'അതേ രീതിയിൽ ആണ് ബിരിയാണി ചെമ്പിനെ മുൻനിർത്തി ഇപ്പോൾ മുസ്ലിം സമുദായത്തെ നിഴലിൽ നിർത്തുന്ന കോപ്രായങ്ങൾ അവർ നടത്തിയത്. ഇത് കോൺഗ്രസ്സ്കാരുടെ ഉള്ളിലെ ദളിത്-മുസ്ലിം വിരുദ്ധ ബോധത്തിൽ നിന്ന് ഉടലെടുക്കുന്നതും ബിജെപിയുടെ മുസ്ലിം വിരുദ്ധ പ്രചരണത്തെ സഹായിക്കുന്നതുമാണ്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ എന്ന പോലെ കേരളത്തിലും വർഗ്ഗീയതയുടെ കാര്യത്തിൽ ബിജെപിയോട് മത്സരിച്ച് പൂർണ്ണമായും ബിജെപി ആയി മാറുകയാണ് കോൺഗ്രസ്. ദിനംപ്രതി പരിഹാസ്യമായിക്കൊണ്ടിരിക്കുന്ന സ്വർണ്ണക്കടത്ത് സമര നാടകങ്ങളുടെ രണ്ടാം സീസണിൽ കോൺഗ്രസ് - ബിജെപി കൂട്ടുമുന്നണിയുടെ ഉള്ളിലുള്ള സവർണ്ണബോധത്തിന്റെ 'ചെമ്പ് കൂടുതൽ വ്യക്തമാകുകയാണ്' എന്ന് വികെ സനോജ് പ്രതികരിച്ചു.












Click it and Unblock the Notifications