പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചു പൂട്ടുന്നു?: കർണാടക ലോബിക്കായി ബിജെപി നീക്കമെന്ന് ഡിവൈഎഫ്ഐ
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചു പൂട്ടാനുള്ള ഇന്ത്യൻ റെയിൽവേയുടെ നീക്കത്തില്‍ പ്രതിഷേധവുമായി ഡി വൈ എഫ് ഐ. നിലവിൽ പോത്തന്നൂർ മുതൽ മംഗളുരു വരെ 588 കിലോമീറ്റർ ദൈർഘ്യം വരുന്ന പാലക്കാട് ഡിവിഷൻ ഇല്ലാതാക്കി കോയമ്പത്തൂർ, മംഗളുരു എന്നീ ഡിവിഷനുകൾ രൂപീകരിക്കാനാണ് റെയിൽവേയുടെ നീക്കം.
ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കേരളത്തോടു തുടരുന്ന കടുത്ത അവഗണനയുടെ അടുത്ത രൂപമാണ് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിന് പിറകിലെന്നും ഡി വൈ എഫ് ഐ ആരോപിക്കുന്നു. പാലക്കാട് ഡിവിഷൻ ഇല്ലാതാക്കുന്നത് കർണ്ണാടകത്തിലെ ലോബികൾക്ക് വേണ്ടിയാണെന്നും സംഘടന പ്രസ്താവനയിലൂടെ ആരോപിക്കുന്നു. വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഡി വൈ എഫ് ഐ പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചു പൂട്ടാനുള്ള ഇന്ത്യൻ റെയിൽവേയുടെ നീക്കം പ്രതിഷേധാർഹവും കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടർച്ചയുമാണ്.
1956 ൽ രൂപീകരിച്ച പാലക്കാട് റെയിൽവേ ഡിവിഷൻ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ റെയിൽവേ ഡിവിഷനുകളിൽ ഒന്നാണ്. പാലക്കാട് ഡിവിഷൻ മുമ്പ് വിഭജിച്ചാണ് സേലം ഡിവിഷൻ രൂപീകരിച്ചത്. നിലവിൽ പോത്തന്നൂർ മുതൽ മംഗളുരു വരെ 588 കിലോമീറ്റർ ദൈർഘ്യം വരുന്ന പാലക്കാട് ഡിവിഷൻ ഇല്ലാതാക്കി കോയമ്പത്തൂർ, മംഗളുരു എന്നീ ഡിവിഷനുകൾ രൂപീകരിക്കാനാണ് റെയിൽവേയുടെ നീക്കം.
ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കേരളത്തോടു തുടരുന്ന കടുത്ത അവഗണനയുടെ അടുത്ത രൂപമാണ് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിന് പിറകിൽ. മംഗളുരുവും കോഴിക്കോടും പാലക്കാടും ഷൊർണ്ണൂരും ഉൾപ്പെടെയുള്ള വലിയ വരുമാനവും ചരിത്രവുമുള്ള സ്റ്റേഷനുകൾ ഉൾപ്പെടുന്ന പാലക്കാട് ഡിവിഷൻ ഇല്ലാതാക്കുന്നത് കർണ്ണാടകത്തിലെ ലോബികൾക്ക് വേണ്ടിയാണ്.
പുതിയ വണ്ടി അനുവദിക്കാതെയും നിലവിലുള്ളവയുടെ എണ്ണം കുറച്ചും കേരളത്തിന്റെ വരുമാനം കുറയ്ക്കാനുള്ള ഇടപെടൽ റെയിൽവേ നേരത്തേ നടത്തിയിരുന്നു അതിന്റെ ഭാഗമായുള്ള വരുമാന നഷ്ടം കാണിച്ചു ഡിവിഷൻ ഇല്ലാതാക്കുന്നതോടെ കേരളത്തിൽ ഒരു ഡിവിഷൻ മാത്രമായി ചുരുങ്ങും. ഈ നീക്കത്തിനെതിരെ കേരളീയ സമൂഹം രംഗത്തിറങ്ങണം.
പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.












Click it and Unblock the Notifications