ഡിവൈഎഫ്‌ഐയുടെ 'കിസ്സ് ഓഫ് ലവ്'... സ്നേഹ ശൃംഖല
കോഴിക്കോട്: സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐ പ്രത്യക്ഷ സമരത്തിന്. സ്‌നേഹ ശൃംഖല എന്ന് പേരിട്ട് പ്രതിഷേധ സംഗമം കോഴിക്കോട് വച്ചാണ് നടത്തുന്ന്.
നവംബര്‍ 4 ന് വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് ബീച്ചില്‍ വച്ചാണ് പരിപാടി. സംസ്ഥാന സെക്രട്ടറി ടിവി രാജേഷ് ഉദ്ഘാടനം ചെയ്യും.

സദാചാര പോലീസിനെതിരെ കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത ചുംബനക്കൂട്ടായ്മ വ്യാപക പ്രതിഷേധത്തിനും അക്രമങ്ങള്‍ക്കും വഴിവച്ചതോടെയാണ് സമരം ഡിവൈഎഫ്‌ഐ ഏറ്റെടുക്കുന്നത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ ചുംബനക്കൂട്ടായ്മക്കെത്തിയവരെ നവംബര്‍ 2 ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശിവസേന, എസ്ഡിപിഐ, കെഎസ് യു തുടങ്ങിയ സംഘടനകള്‍ കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.
സദാചാര പോലീസിങ്ങിന് ഡിവൈഎഫ്‌ഐ എതിരാണെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. എന്നാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതാണ് അഭികാമ്യമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരുന്നു.
കൊച്ചിയില്‍ ചുംബനക്കൂട്ടായ്മക്ക് നേരെയുള്ള അതിക്രമങ്ങളെ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും സമരവേദിയില്‍ ഡിവൈഎഫ്‌ഐയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇത് സംഘടനക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായം സൃഷ്ടിച്ചു എന്നും ആക്ഷേപമുണ്ട്.
കൊച്ചിയില്‍ ശിവസേനയും, എസ്ഡിപിഐയും കെഎസ് യുവും നടത്തിയ അക്രമത്തെ ശക്തമായി അപലപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. വ്യത്യസ്തമായ സമരരീതികളോട് പ്രതിഷേധം രേഖപ്പെടുത്താന്‍ അവകാശമുണ്ടെങ്കിലും അത് അക്രമത്തിന്റെ മാര്‍ഗ്ഗത്തിലാവരുതെന്നായിരുന്നു ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നത്.












Click it and Unblock the Notifications