കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊട്ടതെല്ലാം പൊന്നാക്കിയ അഹമ്മദ് സാഹിബ്; ലക്ഷാധിപതി, 'പ്രധാന'മന്ത്രിയെ പിന്നിലാക്കിയ സഹമന്ത്രി

എംഎല്‍എയും മന്ത്രിയുമായ വ്യക്തി പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധിയാവാന്‍ മല്‍സരിക്കുന്ന കൗതുകകരമായ ചരിത്രം അഹ്മദിലൂടെ പിറവിയെടുത്തു.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: മല്‍സരിച്ചിടത്തെല്ലാം ജയിച്ചു കയറി, അതും എതിരാളികളെ ഞെട്ടിക്കുന്ന ഭൂരിപക്ഷത്തോടെ... ഇടത് തരംഗത്തിലും പതറാത്ത ജനകീയന്‍, വിദേശകാര്യ മന്ത്രിയെ പിന്നിലാക്കിയ സഹമന്ത്രി..റെയില്‍വെയെ ജനകീയനാക്കിയ നായകന്‍... തുടങ്ങി ഒട്ടേറെ വിശേഷങ്ങള്‍ അലങ്കാരമായുള്ള വ്യക്തിത്വത്തിന് ഉടമയാണ് വിടപറഞ്ഞ ഇ അഹമ്മദ് സാഹിബ്.

1979 മുതല്‍ നാല് വര്‍ഷം ജന്‍മ നാടായ കണ്ണൂരിലെ നഗരസഭാ ചെയര്‍മാനായിരുന്നു അദ്ദേഹം. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ എംഎല്‍എയും മന്ത്രിയുമായി. വീണ്ടും നഗരസഭയിലേക്ക് മല്‍സരിച്ചു! എംഎല്‍എയും മന്ത്രിയുമായ വ്യക്തി പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധിയാവാന്‍ മല്‍സരിക്കുന്ന കൗതുകകരമായ ചരിത്രം അഹമ്മദിലൂടെ പിറവിയെടുത്തു.

ചരിത്ര നിമിഷങ്ങള്‍

1982ലാണ് അഹമ്മദ് സാഹിബ് താനൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് ജയിച്ചതും വ്യവസായ മന്ത്രിയായതും. എംഎല്‍എ ആയിരിക്കെ 1988ല്‍ വീണ്ടും കണ്ണൂര്‍ നഗരസഭയിലേക്ക് മല്‍സരിക്കുകയായിരുന്നു. വീണ്ടും നഗരസഭാ ചെയര്‍മാന്‍ ആവുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസ് നേതാവ് എന്‍ രാമകൃഷ്ണനാണ് ചെയര്‍മാനായത്.

മഞ്ചേരിയുടെ മുത്ത്

1991ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് ആദ്യം ലോക്‌സഭയിലേക്ക് മല്‍സരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വേണുഗോപാലിനെ 90000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാരുന്നു കന്നി വിജയം. പിന്നീട് മഞ്ചേരിയെ തുടര്‍ച്ചയായി ലോക്‌സഭയില്‍ പ്രതിനിധീകരിച്ചതും അഹമ്മദായിരുന്നു.

 എംഎസ്എഫ് പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറി

മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എംഎസ്എഫിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ അഹമ്മദ് സാഹിബ് സംഘടനയുടെ പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1967ല്‍ തുടങ്ങിയ നിയസഭാ തിരഞ്ഞെടുപ്പ് അങ്കത്തില്‍ അദ്ദേഹം പരാജയം അറിഞ്ഞിട്ടില്ല. അഞ്ചു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടായിരുന്നു ലോക്‌സഭയിലേക്ക്.

പച്ച പുതച്ചതും മാനം കാത്തതും പൊന്നാനി

2004ല്‍ ലീഗ് കോട്ടയായ മഞ്ചേരി പിടിച്ചെടുക്കാന്‍ ടികെ ഹംസയിലൂടെ ഇടത് പക്ഷത്തിന് കഴിഞ്ഞത് അഹമ്മദ് സാഹിബിന്റെ അഭാവത്തിലായിരുന്നു. പൊന്നാനി മണ്ഡലത്തിലേക്ക് അദ്ദേഹം കളം മാറിയപ്പോഴാണ് മഞ്ചേരിയില്‍ കെപിഎ മജീദ് മല്‍സരിച്ചതും ലീഗിന് മണ്ഡലം നഷ്ടമായതും. മജീദിന്റെ മുജാഹിദ് ബന്ധവും എപി സുന്നികളുടെ ഇടത് ചായ്‌വുമെല്ലാം ലീഗിന് തിരിച്ചടിയായി. ഇടത് തരംഗം ആഞ്ഞുവീശിയ 2004ല്‍ മഞ്ചേരിയുള്‍പ്പെടെ കേരളത്തിലെ 19 മണ്ഡലങ്ങളിലും യുഡിഎഫിന് അടിപതറിയപ്പോള്‍ മാനം കാത്തത് അഹമ്മദായിരുന്നു. പൊന്നാനി മണ്ഡലം പച്ച പുതച്ച് തന്നെ നിന്നു.

ജനപ്രതിനിധികള്‍ക്കിടയിലെ ലക്ഷാധിപതി

ലീഗിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായതുകൊണ്ട് തന്നെ സുരക്ഷിത മണ്ഡലങ്ങളാണ് അദ്ദേഹത്തിന് നീക്കിവച്ചിരുന്നത്. പകുതിയിലേറെ തവണയും ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് അഹമ്മദ് ജയിച്ചത്. ജനപ്രതിനിധികള്‍ക്കിടയിലെ ലക്ഷാധിപതി എന്ന വിളിപ്പേരും അങ്ങനെയാണ് അദ്ദേഹത്തിന് വരുന്നത്. 1991ല്‍ മഞ്ചേരിയില്‍ ആദ്യം ലോക്‌സഭയിലേക്ക് മല്‍സരിച്ച് ജയിച്ചപ്പോള്‍ അഹമ്മദിന്റെ ഭൂരിപക്ഷം 90000.

ലീഗ് അഹമ്മദിനെ തിരിച്ചുവിളിച്ചു

മണ്ഡല പുനര്‍നിര്‍ണയ ശേഷം മഞ്ചേരി മലപ്പുറമായപ്പോള്‍ 2009ലെ തിരഞ്ഞെടുപ്പില്‍ മാനം കാക്കാന്‍ ലീഗ് അ്ഹമ്മദിനെ തിരിച്ചുവിളിച്ചു. മജീദിനെ മലര്‍ത്തിയടിച്ച ഹംസാക്ക എതിരാളി. എന്തു ചെയ്യാം.. ടികെ ഹംസക്കുമായില്ല അഹമ്മദ് സാഹിബിന്റെ വ്യക്തിപ്രഭാവം തകര്‍ക്കാന്‍. ഫലം വന്നപ്പോള്‍ ഹംസാക്കയേക്കാള്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം അഹമ്മദിനുണ്ടായിരുന്നു.

ഒടുവില്‍ ലഭിച്ചത് രണ്ട് ലക്ഷത്തോളം

ഒടുവില്‍ മല്‍സരിച്ച 2014ല്‍ വനിതയെ രംഗത്തിറക്കിയാണ് ഇടതുപക്ഷം അഹമദിനെ നേരിട്ടത്. എന്നാല്‍ ഈ തന്ത്രവും ഫലിച്ചില്ല. പികെ സൈനബയേക്കാള്‍ 194739 വോട്ട് അഹമ്മദ് സാഹിബിന് അധികം. ഇടതുപക്ഷത്തിന്റെ കണ്ണുതള്ളിയ ഫലവുമായാണ് അദ്ദേഹം ഒടുവില്‍ ലോക്‌സഭയിലെത്തിയത്.

പ്രതിപക്ഷത്തിന്റെ കൈയടി

2004 മുതല്‍ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന അഹമ്മദിന്റെ പ്രകടനം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. പലപ്പോഴും പ്രതിപക്ഷത്തിന്റെ കൈയടി അദ്ദേഹം നേടി. വിദേശകാര്യമന്ത്രി അഹമ്മദാണോ എന്നു പോലും പലര്‍ക്കും തോന്നുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

ഇന്ത്യയെ കൂടുതല്‍ പ്രതിനിധീകരിച്ച നേതാവ്

അറബ് ലോകവുമായി അദ്ദേഹം സ്ഥാപിച്ച ബന്ധം പലപ്പോഴും പൗരന്‍മാരുടെ സംരക്ഷണത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ഗുണം ചെയ്തു. ഇറാഖില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനും ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നതിനും അഹമ്മദിന്റെ പ്രവര്‍ത്തനം സഹായകരമായി. അറബ് ലീഗ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തു. ലോകരാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നേതാവും അഹമ്മദാണ്.

റെയില്‍വേയെ ജനകീയനാക്കി

രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേയുടെയും മാനവവിഭവ ശേഷി വകുപ്പിന്റെയും മന്ത്രിയായി. റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. കണ്ണൂരിന്റെയും മലപ്പുറത്തെയും റെയില്‍വേ സ്റ്റേഷനുകളുടെ മുഖഛായ അദ്ദേഹം മാറ്റി. നിലമ്പൂരിന് സ്വന്തമായി ട്രെയിന്‍ എത്തി... അനവധി നേട്ടങ്ങള്‍ അദ്ദേഹത്തിലൂടെ കേരളത്തിന് സ്വന്തമായി.

English summary
Former state External affairs minister E Ahmed was glorious person, not know about defeat, He represent Manjeri, Malappuram, Ponnani in Lok sabha. also industrial minister in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X