ഗൂഗിള്‍ മാപ്പ് നോക്കി എന്തൊക്കെയോ ചെയ്യുന്നു;5 കൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കാന്‍ പോലും കഴിയില്ലെന്ന് ശ്രീധരന്‍
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ മെട്രോമാന്‍ ഡോ ഇ ശ്രീധരന്‍. ഏഴ് വര്‍ഷമായിട്ടും രണ്ട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കെ - റെയില്‍ പദ്ധതി ഇപ്പോള്‍ നടപ്പാക്കും എന്ന് പറയുന്നതെന്ന് ശ്രീധരന്‍ പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ലൈറ്റ് മെട്രോ പദ്ധതിയില്‍ പുരോഗതിയുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി എം ആര്‍ സി) ലൈറ്റ് മെട്രോയില്‍ നിന്ന് പിന്‍മാറുമ്പോഴുള്ള അതേ അവസ്ഥയിലാണ് ഇപ്പോഴും പദ്ധതിയെന്നും ശ്രീധരന്‍ പറഞ്ഞു.
നേരത്തെ അനുമതി ലഭിച്ച പല പദ്ധതികളും കേരളത്തില്‍ പൂര്‍ത്തിയാകാനുണ്ടെന്നും ആവശ്യമായ പഠനങ്ങള്‍ ഒന്നും തന്നെ നടത്താതെയാണ് കെ - റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ശ്രീധരന്‍ പറഞ്ഞു. കെ - റെയിലിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത് പെരുപ്പിച്ച കണക്കുകളാണ് എന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയ്ക്കായി ശരിക്കുള്ള ഗതാഗത പഠനം പോലും നടത്തിയിട്ടില്ല. കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നത് പഠനവുമായി മുന്നോട്ടു പോകുന്നതിനാണെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

സാമൂഹികാഘാത പഠനത്തിനായി കല്ലിടേണ്ട ആവശ്യമില്ലെന്നും ഭൂമിയേറ്റെടുക്കല്‍ സമയത്താണ് കല്ലിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ അലൈന്‍മെന്റും പദ്ധതിയും കേന്ദ്ര റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചിട്ടില്ല. ഗൂഗിള്‍ മാപ്പൊക്കെ നോക്കി എന്തൊക്കെയോ ചെയ്യുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. മെട്രോയും കെ - റെയിലും രണ്ട് പദ്ധതികളാണ് എന്നും അദ്ദേഹം പറഞ്ഞു. അവ രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. മെട്രോയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ 2004 - ല്‍ തുടങ്ങിയതാണെന്നും പല ഘട്ടങ്ങള്‍ പിന്നിട്ടാണ് 2013 ജൂണില്‍ നിര്‍മാണം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

2020 - ലാണ് പേട്ട വരെയുള്ള റൂട്ട് ഉദ്ഘാടനം ചെയ്തത്. ഇതില്‍ നിന്നും വ്യത്യസ്തമാണ് കെ - റെയിലിന്റെ സാഹചര്യം എന്നും അദ്ദേഹം നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരാണ് നിര്‍മിക്കുന്നതെങ്കില്‍ 20 വര്‍ഷമെടുക്കും കെ - റെയില്‍ പൂര്‍ത്തിയാകാന്‍ എന്നും ശ്രീധരന്‍ പറഞ്ഞു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി എം ആര്‍ സി ) പോലെ ഒരു സ്ഥാപനമാണ് ചെയ്യുന്നതെങ്കില്‍ 10 മുതല്‍ 12 വര്‍ഷം വരെ വേണം എന്നും അഞ്ച് കൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കാന്‍ പോലും പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിച്ചെലവ് 94,000 കോടി രൂപയാകും എന്നാണ് കണക്കുകൂട്ടല്‍. പൂര്‍ത്തിയാകാന്‍ 10 വര്‍ഷമെടുക്കുകയാണെങ്കില്‍ അത് 1,22,000 കോടി രൂപയാകും. 20 വര്‍ഷമെടുക്കുകയാണെങ്കില്‍ തുക പിന്നെയും ഉയരും. നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് ഈ പദ്ധതി താങ്ങാനാകില്ലെന്നും ശ്രീധരന്‍ പറഞ്ഞു. നേരത്തേയും പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. സില്‍വര്‍ ലൈന്‍ വന്നാല്‍ കേരളത്തെ രണ്ടായി വിഭജിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സില്‍വര്‍ പദ്ധതി ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. കെ റെയിലിനെതിരെ സംസ്ഥാനത്ത് ബി ജെ പി നടത്തുന്ന പരിപാടികളിലും ശ്രീധരന്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ശ്രീധരന്‍ മത്സരിച്ചിരുന്നു.












Click it and Unblock the Notifications