കേരളത്തില്‍ ബിജെപിക്ക് സാധ്യത ഈ സീറ്റുകളില്‍; പ്രവചനവുമായി ഇ ശ്രീധരന്‍, ഇനി മല്‍സരിക്കാനില്ല
പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രതീക്ഷകള്‍ പങ്കുവച്ച് ബിജെപി നേതാവ് മെട്രോമാന്‍ ഇ ശ്രീധരന്‍. നാലോ അഞ്ചോ സീറ്റുകളില്‍ ഇത്തവണ ബിജെപി ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധ്യതയുള്ള മണ്ഡലങ്ങളെ സംബന്ധിച്ചും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, താന്‍ ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.
പത്തനംതിട്ടയേക്കാള്‍ കൂടുതല്‍ ജയസാധ്യതയുള്ളത് നടന്‍ സുരേഷ് ഗോപി മല്‍സരിക്കുന്ന തൃശൂര്‍ മണ്ഡലമാണ്. ശോഭ സുരേന്ദ്രന്‍ മല്‍സരിക്കുന്ന ആലപ്പുഴയും അദ്ദേഹം എണ്ണിയ കൂട്ടത്തിലുണ്ട്. അതേസമയം, സിഎഎയെ പിന്തുണയ്ക്കുന്നുവെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയത് ശരിയാണെന്നുമുള്ള ശ്രീധരന്റെ വാക്കുകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

കേരളത്തില്‍ ഇത്തവണ നാലോ അഞ്ചോ സീറ്റ് പിടിക്കാതിരിക്കില്ലെന്ന് ശ്രീധരന്‍ പറയുന്നു. തൃശൂരില്‍ ബിജെപി ജയിക്കുമെന്നത് നൂറ് ശതമാനം ഉറപ്പാണ്. പത്തനംതിട്ടയിലും സാധ്യതയുണ്ട്. തൃശൂരിലെ അത്ര സാധ്യത പത്തനംതിട്ടയിലില്ല. കാര്യമായ പ്രതീക്ഷയുള്ളത് തിരുവനന്തപുരം മണ്ഡലമാണ്. ആറ്റിങ്ങലും ആലപ്പുഴയും സാധ്യതയുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.
തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ജയിച്ചാല്‍ കേരളത്തിനൊരു കേന്ദ്രമന്ത്രി എന്ന രീതിയിലും പ്രചാരണം കൊഴുക്കുകയാണ്. താന്‍ ജയിച്ചാല്‍ തൃശൂരിന്റെ മാത്രം എംപിയാകില്ലെന്നും കേരളത്തിന്റെ മൊത്തം കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നുമുള്ള സുരേഷ് ഗോപിയുടെ വാക്കുകളും വൈറലായിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും കേന്ദ്രമന്ത്രിമാരെയാണ് ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മല്‍സരിക്കുമ്പോള്‍ വി മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്നു. ബിജെപി എ ക്ലാസ് മണ്ഡലങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയ മണ്ഡലങ്ങളാണിത്. രണ്ടിടത്തും ബിജെപി 2019ല്‍ വോട്ട് നില മെച്ചപ്പെടുത്തിയിരുന്നു.
ഇ ശ്രീധരന്‍ ബിജെപിക്ക് ജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ അനില്‍ ആന്റണി മല്‍സരിക്കുന്ന പത്തനംതിട്ടയും ഉള്‍പ്പെടും. എന്നാല്‍ ബിജെപി എ ക്ലാസ് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുത്താത്ത ആലപ്പുഴ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ജയ സാധ്യതയുണ്ടെന്നാണ് ശ്രീധരന്റെ വാക്കുകള്‍. ബിജെപിക്ക് വളരെ വോട്ട് കുറവുള്ള മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി പാലക്കാട് നിന്ന് ജനവിധി തേടിയിരുന്നു ഇ ശ്രീധരന്‍. കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിനോട് അദ്ദേഹം തോല്‍ക്കുകയായിരുന്നു. ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ശ്രീധരന്‍ വ്യക്തമാക്കി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ വിജയിച്ചാല്‍ പാലക്കാട് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വരും. എന്നാല്‍ പോലും മല്‍സരിക്കില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമ (സിഎഎ) ത്തെ പിന്തുണയ്ക്കുന്നുവെന്നും മുസ്ലിങ്ങളെ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്നും ശ്രീധരന്‍ പറഞ്ഞു.












Click it and Unblock the Notifications