മെട്രോ സ്റ്റേഷനിലെ കുടംബശ്രീക്കാരുടെ ജോലി വിഡ്ഢിത്തമെന്ന് ഈ ശ്രീധരന്‍: മാപ്പ് പറയണമെന്ന് എഐവൈഎഫ്
കൊച്ചി: മെട്രോ സ്റ്റേഷനുകളിലെ പല ഡ്യൂട്ടികളും കുടുംബശ്രീക്ക് കൈമാറിയതും വിഡ്ഢിത്തമാണെന്ന ഇ ശ്രീധരന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പ്രസ്ഥാവന പിൻവലിച്ച് കുടുംബശ്രീ പ്രവർത്തകരോട് ക്ഷമ ചോദിക്കലാണ് മര്യാദയെന്ന് വ്യക്തമാക്കിക്കൊണ്ട് എ ഐ വൈ എഫ് സംസ്ഥാന ഭാരവാഹി എന്‍ അരുണ്‍ രംഗത്ത് എത്തി. ലോകത്തിനു തന്നെ മാതൃകയായ സ്ത്രീ ശാക്തീകരണ സംവിധാനമാണ് കേരളത്തിൻ്റെ അഭിമാനമായ കുടുംബശ്രീ. കൊച്ചി മെട്രോ റെയിലുമായി ബന്ധപ്പെട്ട് കുടുംബശ്രീ തൊഴിലാളി സഹോദരിമാരെക്കുറിച്ച് ഇ_ശ്രീധരൻ നടത്തിയ പ്രസ്ഥാവന അനുചിതവും അബദ്ധജഡിലവും പ്രതിഷേധാർഹവുമാണെന്നും എ ഐ വൈ എഫ് നേതാവ് വ്യക്തമാക്കി.
മെട്രോ റെയിലിൽ തുച്ഛമായ കൂലിക്ക് തൊഴിലെടുക്കുന്ന 750 കുടുംബശ്രീ തൊഴിലാളികളാണ് മെട്രോ റെയിലിൻ്റെ പ്രതിസന്ധി എന്ന ഇ ശ്രീധരൻ പറയുമ്പോൾ ചുരുങ്ങിയ പക്ഷം അവർക്ക് ലഭിക്കുന്ന കൂലിയും പണിയെടുക്കുന്ന സമയവുമെങ്കിലും അന്വേഷിക്കേണ്ടിയിരുന്നു. മെട്രോ റെയിൽ നഷ്ടത്തിലെന്നിരിക്കേ കൂലി വർധനവോ മറ്റാനുകൂല്യങ്ങളോ ആവശ്യപ്പെടാതെ ആത്മാർത്ഥമായി തൊഴിലെടുക്കുന്ന അവരെ അപമാനിക്കരുത്. താങ്കളുടെ വ്യക്തിതാൽപ്പര്യങ്ങൾ സംരക്ഷിക്കുവാൻ അവരെ കരുവാക്കരുത്. പ്രസ്ഥാവന പിൻവലിച്ച് അവരോട് ക്ഷമ ചോദിക്കുകയാണ് മര്യാദയെന്നും അരുണ്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു ഇ ശ്രീധരന്റെ വിവാദ പ്രസ്താവന. ടിക്കറ്റിതര വരുമാനം കൂട്ടിയാലേ കൊച്ചി മെട്രോയ്ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയുള്ളു. ഡല്‍ഹി മെട്രോയില്‍ മറ്റു വരുമാനം ടിക്കറ്റ് വരുമാനത്തിന്റെ 25 ശതമാനമായിരുന്നു. 24 വലിയ സ്റ്റേഷനുകളാണ് പണിതിട്ടുള്ളത്. ഡി എം ആര്‍ സി ഇതിനെതിരായിരുന്നു. സ്റ്റേഷനിലെ പല ഡ്യൂട്ടികളും കുടുംബശ്രീക്ക് കൈമാറിയതും വിഡ്ഢിത്തമാണ്. ജീവനക്കാരുടെ അധികച്ചെലവ്, അധിക വൈദ്യുതി ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെ കുറച്ച് കൊണ്ടുവരണമെന്നുമായിരുന്നു ഇ ശ്രീധരന്‍ പറഞ്ഞത്.












Click it and Unblock the Notifications