ഈസ്റ്ററിന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; കൂടുതല്‍ പൊലീസിനെ വിന്യസിക്കും
കോഴിക്കോട്: ഈസ്റ്ററിന് താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് കോഴിക്കോട് റൂറല്‍ എസ്പി ടി.ഫറാഷ്. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈസ്റ്റര്‍ അവധിയുടെ ഭാഗമായി താമരശ്ശേരി ചുരത്തിലൂടെ കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കാനുളള സാധ്യത കണക്കിലെടുത്താണ് നടപടി. ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ അടിയന്തരമായി ഇടപെടുന്നതിന് കൂടുതല്‍ മൊബൈല്‍ സ്‌ക്വാഡുകളെയും രംഗത്തിറക്കും.
പെസഹ വ്യാഴം, ദുഖവെള്ളി എന്നിവയും ശനി, ഞായര്‍ എന്നീ വാരാന്ത്യ അവധികളും സ്‌കൂള്‍ വേനലവധിയും കാരണം കൂടുതല്‍ വിനോദസഞ്ചാരികളും മറ്റും ചുരത്തിലൂടെ യാത്ര ചെയ്യാറുണ്ട്. പലപ്പോഴും ഇത് വലിയ ഗതാഗത തടസത്തിനും കാരണമാകാറുണ്ട്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നത്. ഒപ്പം തിരക്കേറിയ സമയത്ത് ഭാരവാഹനങ്ങള്‍ കടന്നുപോകുന്നത് നിയന്ത്രിക്കും.

ചുരത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ മനസിലാക്കാതെ ഗതാഗത നിയന്ത്രണങ്ങള്‍ തെറ്റിച്ച് വരിമാറി കയറുന്നവരുടെ വാഹനങ്ങളാണ് പലപ്പോഴും ഇവിടെ ഗതാഗത തടസം സൃഷ്ടിക്കുന്നത്. ഇത് നിയന്ത്രിക്കുന്നതിനാണ് പൊലീസ് വിന്യാസവും മൊബൈല്‍ സ്‌ക്വാഡും ഏര്‍പ്പെടുത്തുന്നത്. യാത്രക്കാര്‍ ചുരത്തില്‍ കൃത്യമായി ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
ആശുപത്രിയിലേക്കും വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കും പോകുന്ന യാത്രക്കാര്‍ പലപ്പോഴും ഈ ഗതാഗതകുരുക്കില്‍ അകപ്പെട്ട് പോകാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാന്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാനുളള സാധ്യത വിലയിരുത്തി മുന്‍കൂട്ടി തന്നെ യാത്ര പുറപ്പെടണമെന്നും മുന്‍കരുതലെന്ന നിലയില്‍ വെള്ളവും ഭക്ഷണവും കരുതണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം കൊയിലാണ്ടിയിലെ കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയപാതയിലും ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു. അതിനാല്‍ വടകര ഭാഗത്ത് വ്യാഴാഴ്ച ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം വെള്ളിയാഴ്ചയും തുടരും. കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പൂളാടിക്കുന്ന് നിന്ന് കുറ്റ്യാടി റോഡിലേക്കോ കൊയിലാണ്ടിയില്‍ നിന്നും റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കയറി ഉള്ള്യേരി പേരാമ്പ്ര വഴിയോ പോകണം.
ചെറുവാഹനങ്ങള്‍ക്ക് ചെങ്ങോട്ടുകാവ് നിന്നും ബൈപ്പാസിലേക്ക് കയറി നന്തി വഴി പോകാം. കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് വരുന്ന ലോക്കല്‍ ബസുകള്‍ കൊല്ലം പെട്രോള്‍ പമ്പില്‍ നിര്‍ത്തി ആളെ ഇറക്കി തിരിച്ചു പോകണം എന്നും കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടി കുറ്റ്യാടി വഴിയോ പയ്യോളിയില്‍ നിന്ന് പേരാമ്പ്ര വഴിയോ കോഴിക്കോടേക്കു പോകണം എന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ചെറുവാഹനങ്ങള്‍ നന്തിയില്‍ നിന്നും പുതിയ ബൈപ്പാസിലേക്ക് പ്രവേശിച്ച് ചെങ്ങോട്ടുകാവ് വഴി കോഴിക്കോടേക്ക് പോകണം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോകുന്ന ലോക്കല്‍ ബസുകള്‍ വടകരയില്‍ നിന്നും വന്ന് പാലക്കുളത്ത് ആളുകളെ ഇറക്കി തിരിച്ചു പോകണം.












Click it and Unblock the Notifications