എബോള സംശയം; കോട്ടയം സ്വദേശിനി കൊച്ചിയില്‍ എത്തിയത് ഇങ്ങനെ, നിരീക്ഷണത്തില്‍
കോട്ടയം: പല രാജ്യങ്ങളിലും ആശങ്ക സൃഷ്ടിച്ച എബോള വൈറസ് രോഗ ബാധ സംശയത്തില്‍ സ്ത്രീ ചികില്‍സ തേടി. പാല സ്വദേശിനിയാണ് ഇവര്‍. ആഫ്രിക്കയിലെ ദക്ഷിണ സുഡാനില്‍ ജോലി ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. പനി ബാധിച്ചതിനെ തുടര്‍ന്ന് പാലായിലെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
എബോള രോഗം സ്ത്രീക്കുണ്ട് എന്ന് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ സംശയം മാത്രമാണുള്ളത്. ആഫ്രിക്കയില്‍ നിന്ന് വന്ന വ്യക്തി എന്ന നിലയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പനിയും ചര്‍ദ്ദിയും ഉണ്ടായിരുന്നു. എബോള രോഗം റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കയില്‍ നിന്ന് എത്തുന്നവര്‍ പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം എന്ന നിര്‍ദേശമുണ്ട്.

പാല സ്വദേശിനി ദക്ഷിണ സുഡാനില്‍ നിന്ന് ഉഗാണ്ടയിലേക്ക് പോകുകയും അവിടെ നിന്ന് കൊച്ചിയിലേക്ക് വിമാനത്തില്‍ എത്തുകയുമായിരുന്നു. പനിയും ചര്‍ദ്ദിയും ഉള്ളതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. എബോള രോഗ നിര്‍ണയത്തിനുള്ള സംവിധാനം കേരളത്തില്‍ ഇല്ല. പൂനെയില്‍ നിന്ന് പരിശോധന ഫലം വന്നാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ സ്ഥിപീകരണം ഉണ്ടാകുക. അതുവരെ സ്ത്രീ നിരീക്ഷണത്തില്‍ കഴിയും. നിലവില്‍ ആശങ്കപ്പെടാനില്ല.
ആഫ്രിക്കയിലാണ് ആദ്യം എബോള രോഗം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരും. അതുകൊണ്ടുതന്നെ വളരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ എബോള രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്താരാഷ്ട്രതലത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത വേളയില്‍ തന്നെ കേരളത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
എന്താണ് എബോള വൈറസ്, ലക്ഷണങ്ങള്‍, രോഗം വ്യാപിക്കുന്നത് എങ്ങനെ
മനുഷ്യരിലും മറ്റ് സസ്തനികളിലും കടുത്ത രക്തസ്രാവത്തിനും തുടർന്നുള്ള മരണത്തിനും കാരണമാകുന്ന അതീവ മാരകമായ ഒരു വൈറസ് രോഗമാണ് എബോള. 1976-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലാണ് ഈ രോഗബാധ ആദ്യമായി കണ്ടെത്തുന്നത്. ഈ നദിയുടെ തീരത്ത് കണ്ടെത്തിയതിനാലാണ് വൈറസിന് എബോള എന്ന പേര് ലഭിച്ചത്.
കാടുകളിൽ ജീവിക്കുന്ന പഴംതീനി വവ്വാലുകളാണ് പ്രകൃതിയിൽ എബോള വൈറസിന്റെ പ്രധാന ഉറവിടം എന്ന് ശാസ്ത്രലോകം കരുതുന്നു. രോഗബാധിതരായ മൃഗങ്ങളുടെ രക്തം, അവയവങ്ങൾ എന്നിവയുമായി സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് മനുഷ്യർക്ക് ആദ്യമായി രോഗം പകരുന്നത്.
ഒരു വ്യക്തിയുടെ ശരീരത്തിൽ എബോള വൈറസ് പ്രവേശിച്ച് സാധാരണയായി രണ്ട് മുതൽ 21 ദിവസങ്ങൾക്കുള്ളിലാണ് ആദ്യ ലക്ഷണങ്ങൾ ബാഹ്യമായി പ്രകടമാകുന്നത്. പലപ്പോഴും ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ ശരാശരി എട്ട് മുതൽ പത്ത് ദിവസങ്ങൾ വരെ സമയമെടുക്കാറുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങുന്നതോടെ മാത്രമാണ് രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് എന്നത് വളരെ പ്രധാനമാണ്. ഇതിന്റെ തുടക്ക ലക്ഷണങ്ങൾ സാധാരണ കാണുന്ന പനി പോലെയായതിനാൽ പലപ്പോഴും ആരും തുടക്കത്തിൽ ശ്രദ്ധിക്കാറില്ല.
കടുത്ത പനി, കഠിനമായ ശരീര തളർച്ച, പേശിവേദന, കടുത്ത തലവേദന, തൊണ്ടവേദന എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. രോഗം അടുത്ത ഘട്ടത്തിലേക്ക് എത്തുന്നതോടെ കടുത്ത വയറിളക്കം, ശർദ്ദി, ചർമ്മത്തിൽ ചുവന്ന നിറത്തിലുള്ള വലിയ പാടുകൾ എന്നിവ ഉണ്ടാകും. ഇതിനൊപ്പം ശരീരത്തിലെ പ്രധാന അവയവങ്ങളായ വൃക്ക, കരൾ എന്നിവയുടെ സാധാരണ പ്രവർത്തനം തടസ്സപ്പെടും. ഇത് ആന്തരിക അവയവങ്ങളുടെ തകരാറിലേക്ക് രോഗിയെ നയിക്കുന്നു.















Click it and Unblock the Notifications