'രാഹുൽ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്?' പിണറായിക്ക് മറുപടിയുമായി മുഖ്യമന്ത്രി
കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണങ്ങളിലും റെയ്ഡുകളിലും സംസ്ഥാന സർക്കാരിന് ഇടപെടാൻ നിയമപരമായി യാതൊരു അവകാശവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്റെ ചുറ്റുമുള്ളവർക്കെതിരെ കേന്ദ്ര ഏജൻസികൾ നീങ്ങുമ്പോൾ അതിന് പിന്നിൽ കോൺഗ്രസാണെന്ന് വരുത്തിതീർക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. എങ്കിൽ, രാഹുൽ ഗാന്ധിയാണോ നിങ്ങളുടെ ആളുകളെ പിടിക്കാൻ ഇ.ഡിയെ ഇങ്ങോട്ട് വിട്ടതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പരിഹാസത്തോടെ ചോദിച്ചു.
പിണറായി വിജയനും സി.പി.എമ്മും ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. കേന്ദ്ര ഏജൻസികളുടെ നടപടികളെ രാഷ്ട്രീയമായി നേരിടാൻ കഴിയാതെ വരുമ്പോൾ സർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും കുതിരകയറാനാണ് അവർ ശ്രമിക്കുന്നത്. രാജ്യത്ത് ഇ.ഡിയെയും മറ്റ് കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബി.ജെ.പി നിലപാടിനെതിരെ ഏറ്റവും ശക്തമായി പോരാടുന്നത് കോൺഗ്രസും രാഹുൽ ഗാന്ധിയുമാണ്. അങ്ങനെയുള്ള രാഹുൽ ഗാന്ധി കേരളത്തിലെ സി.പി.എം നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ ഇ.ഡിയോട് ആവശ്യപ്പെട്ടു എന്ന് പറയുന്നത് രാഷ്ട്രീയപ്പകപോക്കലിന്റെ ഭാഗമായുള്ള വെറും കെട്ടിച്ചമയ്ക്കലുകൾ മാത്രമാണ്.

നിയമം അതിന്റെ വഴിക്ക് പോകുമ്പോൾ അതിൽ സംസ്ഥാന ഭരണകൂടത്തിന് ഇടപെടാനാകില്ല. അന്വേഷണങ്ങളിൽ ഭയമുള്ളതുകൊണ്ടാണ് മുൻ മുഖ്യമന്ത്രി ഇപ്പോൾ കോൺഗ്രസിനും സർക്കാരിനുമെതിരെ തിരിഞ്ഞിരിക്കുന്നത്. കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട എന്നും അദേഹം പറഞ്ഞു.
മുൻ ഭരണകാലത്തുണ്ടായ വിവിധ അഴിമതി ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനർത്ഥം കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുന്നു എന്നല്ല. മുൻ സർക്കാരിന്റെ കാലത്തെ തട്ടിപ്പുകളിലും കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നത്. ഇതിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പിണറായി വിജയനും സി.പി.എമ്മും നിരന്തരം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.












Click it and Unblock the Notifications