'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ': ശബരിമല സ്വർണ്ണക്കൊള്ളയുടെ വേരറുക്കാൻ ഇഡി
ശബരിമല സ്വർണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ ഇ.ഡി റെയ്ഡ്. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ശബരിമലയിലെ സ്വർണ്ണശേഖരത്തിൽ നടന്ന ക്രമക്കേടുകൾക്ക് പുറമെ, ഇതിലൂടെ സമ്പാദിച്ച പണം വെളുപ്പിക്കൽ, ബിനാമി പേരിലുള്ള കൈമാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ശേഖരിക്കുകയാണ് കേന്ദ്ര ഏജൻസിയുടെ ലക്ഷ്യം. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) നിലവിൽ കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും, സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വ്യാപ്തി കണക്കിലെടുത്താണ് ഇഡി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു എന്നിവരുടെ വസതികളിൽ പുലർച്ചെ മുതൽ ഇഡി ഉദ്യോഗസ്ഥർ വിശദമായ പരിശോധന ആരംഭിച്ചു. കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ വീടുകളും റെയ്ഡിന്റെ പ്രധാന കേന്ദ്രങ്ങളാണ്. ഇതിന് പുറമെ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ തിരുവല്ലയിലെ വീട്ടിലും പരിശോധന തുടരുന്നുണ്ട്. സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരുടെ സ്ഥാപനങ്ങളിൽ നിന്നും കള്ളപ്പണ ഇടപാടുകളിലേക്ക് വിരൽചൂണ്ടുന്ന നിർണ്ണായക രേഖകളും ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം പിടിച്ചെടുത്തു. തിരുവനന്തപുരത്ത് കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, എസ്. ബൈജു എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തി.
ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികളുടെ തൂക്കത്തിൽ കുറവ് കണ്ടെത്തിയതിനെത്തുടർന്നാണ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിക്കുന്നത്. ഈ കൊള്ളയ്ക്ക് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും വലിയൊരു ശൃംഖല തന്നെയുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. നിലവിൽ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ പരിശോധനകൾ ഇല്ല എന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരും വ്യാപാരികളും ഉൾപ്പെട്ട ഈ വൻ സാമ്പത്തിക ക്രമക്കേടിന്റെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' വഴി സാധിക്കുമെന്നാണ് ഇഡി കരുതുന്നത്. റെയ്ഡിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത.












Click it and Unblock the Notifications