പിണറായി വിജയൻ്റെ വീട്ടിൽ ഇഡി; പരിശോധന മാസപ്പടി കേസിൽ, 12 ഇടങ്ങളിൽ റെയ്ഡ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ്. എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം.റെയ്ഡ് നടക്കുന്ന 12 ഇടങ്ങളിൽ ഒന്ന് തിരുവനന്തപുരത്തുള്ള പിണറായിയുടെ വാടക വീടാണ്. അവിടെ ഇപ്പോൾ അദ്ദേഹവും മകളും ഉണ്ട്. കനത്ത സുരക്ഷയിലാണ് ഇഡി പരിശോധന നടത്തുന്നത്.
കണ്ണൂരിലെ വീട്,സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട് , മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്, എക്‌സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന് (സി.എം.ആർ.എൽ) അനധികൃതമായി പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈ കേസിൽ ഇഡിയുടെ അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇഡിയുടെ അന്വേഷണവും സമൻസുകളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ കമ്പനിയുടെയും അതിന്റെ ഉന്നത ഉദ്യോഗസ്ഥരുടെയും ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സി.എം.ആർ.എൽ കമ്പനി, മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കാർത്ത, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ എന്നിവർ ചേർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) റദ്ദാക്കണം, ഇഡി നൽകിയ സമൻസ് അസാധുവാക്കണം, അന്വേഷണം തടയണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ, ഈ ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല.
സി.എം.ആർ.എൽ കമ്പനി 2018-19 മുതൽ മൂന്ന് വർഷത്തിനിടെ ഏകദേശം 1.72 കോടി രൂപ എക്‌സാലോജിക് സൊല്യൂഷൻസിന് നൽകിയെന്നാണ് പ്രധാന ആരോപണം. 'മാസപ്പടി' രൂപത്തിലാണ് ഈ തുക നൽകിയതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. എന്നാൽ, ഈ തുകയ്ക്ക് പ്രതിഫലമായി എക്‌സാലോജിക് യാതൊരു സോഫ്റ്റ്‌വെയർ സേവനവും നൽകിയിട്ടില്ലെന്നാണ് ഇൻകം ടാക്സ് വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്.
സി.എം.ആർ.എൽ കമ്പനി ചെലവുകൾ കൃത്രിമമായി ഉയർത്തിക്കാട്ടി (inflating expenses) പണം സൃഷ്ടിച്ച് അനധികൃത ഇടപാടുകൾ നടത്തിയെന്നാണ് ആരോപണം. ഈ പണമിടപാടുകൾ കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുമെന്ന സംശയത്തെ തുടർന്നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഇതിനൊപ്പം തന്നെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ)യും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.
ഇഡിയുടെ ഇന്നത്തെ റെയ്ഡോടെ എക്‌സാലോജിക്-സി.എം.ആർ.എൽ വിവാദം വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പ്രതിപക്ഷം നേരത്തേ ഉയർത്തിയ ആരോപണങ്ങൾക്കിടെയാണ് അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾ ശക്തമായത്. അതേസമയം, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്.












Click it and Unblock the Notifications