ഇഡിയുടെ മിന്നല്‍ റെയ്ഡ്; പിടിച്ചെടുത്തത് 10 കോടി ഹവാല പണവും നൂറിലേറെ മൊബൈല്‍ ഫോണുകളും
കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളില്‍ ഇ ഡി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് പത്ത് കോടി രൂപയുടെ ഹവാല പണം. തിങ്കളാഴ്ച വൈകീട്ടാണ് കൊല്ലം മുതല്‍ മലപ്പുറം ജില്ലവരെയുള്ള 25 കേന്ദ്രങ്ങളില്‍ ഇ ഡി വ്യാപക റെയ്ഡ് നടത്തിയത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. 150-ഓളം ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. ഇടപാടുകാരുടെ നൂറിലേറെ ഫോണുകളും ഇ ഡി പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 10000 കോടി രൂപയുടെ ഹവാല ഇടപാട് കേരളത്തില്‍ നടന്നിട്ടുണ്ട് എന്നാണ് ഇ ഡിയുടെ നിഗമനം.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ നടന്ന മിന്നല്‍ റെയ്ഡ്. കോട്ടയത്തെ ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, ചിങ്ങവനം, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഏറ്റവും കൂടുതല്‍ പണം പിടികൂടിയിരിക്കുന്നത് എന്നാണ് വിവരം.

മൊബൈല്‍ കടകള്‍, തുണിക്കടകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഗിഫ്റ്റ് കടകള്‍ തുടങ്ങിയവയുടെ മറവിലാണ് ഇത്തരം ഹവാല ഇടപാട് വ്യാപകമായി നടക്കുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മറ്റ് രാജ്യങ്ങളിലേക്കും അഴിമതിപ്പണം കടത്തിയിട്ടുണ്ട് എന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. ഹവാല ഇടപാടുകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ സംസ്ഥാനത്ത് ഇ ഡി നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.
കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന കേന്ദ്രങ്ങള്‍ എന്നാണ് ഇ ഡി പറയുന്നത്. കോട്ടയത്ത് ചിങ്ങവനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ ഭാഗങ്ങളിലെ ട്രാവല്‍ ഏജന്‍സികള്‍, തുണിത്തരങ്ങളുടെ വില്‍പ്പനശാലകള്‍, കൊച്ചിയില്‍ പെന്റാ മേനക ഷോപ്പിംഗ് മാളിലെ മൊബൈല്‍ ആക്‌സസറീസ് മൊത്ത വില്‍പ്പന ശാല, ബ്രോഡ്വേയ്ക്കു സമീപമുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന മൊത്ത വില്‍പനശാല എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
കൊച്ചിയിലെ പെന്റാ മേനകയില്‍ മാത്രം ദിവസവും 50 കോടി രൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ട് എന്നാണ് ഇ ഡി പറയുന്നത്. ഹവാല ഇടപാടില്‍ രാഷ്ട്രീയ-വ്യവസായ-ഉദ്യോഗസ്ഥ ബന്ധം ഉണ്ട് എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. 50 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഹവാല ഇടപാടുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട് എന്നാണ് ഇ ഡിയുടെ ഉന്നതവൃത്തങ്ങള്‍ പറയുന്നത്. അതേസമയം റെയ്ഡ് നടത്തിയ സ്ഥലങ്ങളില്‍ നിന്ന് വിദേശ കറന്‍സി അടക്കം പിടിച്ചെടുത്തെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.












Click it and Unblock the Notifications