കിഫ്ബി കേസ്: 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം, തോമസ് ഐസകിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ധനവകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസകിന് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 22ാം തിയ്യതി തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരിക്കുന്നത്. ഇഡി നോട്ടീസ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചേക്കും.
കിഫ്ബി ധനസമാഹരണത്തിന് വേണ്ടി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ മസാല ബോണ്ട് ഇറക്കി പണം വകമാറ്റി ചെലവഴിച്ചു എന്നുളള ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. കിഫ്ബി സിഇഒ, കഴിഞ്ഞ പിണറായി സര്‍ക്കാരിലെ ധനവകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസക് എന്നിവര്‍ക്ക് അടക്കമുളളവര്‍ക്കെതിരെയാണ് ഇഡി അന്വേഷണം നടത്തുന്നത്. കിഫ്ബി മസാല ബോണ്ട് ഇറക്കിയതില്‍ ക്രമക്കേട് നടന്നതായി നേരത്തെ സിഎജി കണ്ടെത്തിയിരുന്നു.

ഈ മാസം 12ന് ഹാജരാകാന്‍ ഇഡി നേരത്തെ തോമസ് ഐസകിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം സാവകാശം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 22ന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇഡി വിരട്ടാന്‍ നോക്കുകയാണ് എന്നും ആവശ്യപ്പെട്ട വിവരങ്ങളെല്ലാം കിഫ്ബി നല്‍കിയിട്ടുളളതാണെന്നും തോമസ് ഐസക് പ്രതികരിച്ചു.












Click it and Unblock the Notifications