ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; 2250 കിലോ ചീഞ്ഞ മത്സ്യവുമായി എത്തിയ മീൻവണ്ടി പെട്ടത് നാട്ടുകാരുടെ മുന്നിൽ
എടപ്പാൾ: ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചത് കാരണം പലരും പല അബദ്ധങ്ങളിലും ചെന്ന് പെട്ട സംഭവങ്ങൾ നമ്മൾ കേട്ടിട്ടില്ലേ. എന്നാൽ ഇത്തവണ ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചത് മത്സ്യവുമായി പോയ ലോറിയെ ആയിരുന്നു. അതെന്തായാലും ഗുണം ആയെന്ന് വേണം പറയാൻ. കാരണം എന്താണെന്ന് വിശദമായി അറിയാം.
ഗൂഗിൾ മാപ്പ് നോക്കിവരുന്നതിനിടയിൽ വഴി തെറ്റി ഈ ലോറി ഗ്രാമീണ റോഡിലൂടെ എത്തി ലോറി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ ഭക്ഷ്യ യോഗ്യമല്ലാത്ത 2250 കിലോ മത്സ്യമായിരുന്നു. നാട്ടുകാർ ഈ ലോറി തടഞ്ഞുവെച്ച് അധികൃതരെ ഏൽപ്പിച്ചു.

ആരോഗ്യ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ വിൽപനയ്ക്ക് യോഗ്യമല്ലെന്ന് കണ്ടെത്തിയ മത്സ്യം കുഴി വെട്ടി മൂടി നശിപ്പിച്ചു. എടപ്പാളിനടുത്തുള്ള കണ്ടനകം - ആനക്കര റോഡിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെ ആണ് മത്സ്യ ലോറി ജനങ്ങൾ കാണുന്നത്.
ഗുജാറിത്തിൽ നിന്ന് കോഴിക്കോട് മാർക്കറ്റിൽ എത്തിച്ച മത്സ്യം ദുർഗന്ധം വമിച്ചിരുന്നതിനാൽ അവിടത്തെ കച്ചവടക്കാർ ഏറ്റെടുത്തില്ല. ഇതോടെയാണ് സംസ്ഥാന പാതയിലൂടെ കുന്നംകുളം മാർക്കറ്റിലെത്തിക്കാനായി ലോറി തിരിച്ചത്.
കണ്ടനകത്തെത്തിയതോടെ ഗൂഗിൾ മാപ്പ് ചേകന്നൂർ റോഡിലേക്ക് വഴി കാണിച്ചു. ഈ വഴിയിൽ മറ്റൊരു വാഹനത്തിന് അരിക് കൊടുക്കുന്നതിനിടയിൽ റോഡിലേക്ക് ഒഴുകിയ ദുർഗന്ധമുള്ള വെള്ളം ശ്രദ്ധിയിൽപ്പെട്ട നാട്ടുകാർ ഗ്രാമപഞ്ചായത്ത് അംഗം കുമാരന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞു. നാട്ടുകാരുമായി വാക്കേറ്റം ഉണ്ടായി. ഇതോടെ ജനങ്ങൾ മത്സ്യപ്പെട്ടികളിൽ മണ്ണെണ്ണയും പെട്രോളും ഒഴിക്കാനൊരുങ്ങി.
പിന്നാലെ പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ദിവസങ്ങളോളം പഴക്കമുള്ളതും ഉപയോഗ യോഗ്യമല്ലാത്തതുമാണ് മത്സ്യം എന്ന് കണ്ടെത്തി. ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നതിനുള്ള നിബന്ധനകൾ പാലിക്കാതെ 40 തെർമോക്കോൾ പെട്ടികളിൽ ആക്കിയാണ് മാന്തൾ ഇനത്തിനുള്ള മത്സ്യം കൊണ്ടുവന്നത്. ഐസ് ഉരുകി പൂർണമായും വെള്ളമായ അവസ്ഥയിലായിരുന്നു.
വട്ടംകുളം ഗ്രാമപഞ്ചായത്ത പ്രസിഡന്റ് എം എ നജീബിന്റെ സഹായത്തോടെ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ മത്സ്യം കുഴിച്ചുമൂടി. കമ്പനിയുടെ ലൈസൻസോ മറ്റ് രേഖകളോ പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് ഉദ്യോദസ്ഥർ പറഞ്ഞു. ഭക്ഷ്യ സുരക്ഷ അസി. കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.












Click it and Unblock the Notifications