ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലെ ദുരിതം ഒഴിയുന്നു; വീതി കൂട്ടൽ വേഗത്തിൽ..ഭൂവുടമകൾക്ക് മന്ത്രിയുടെ ഉറപ്പ്
ഇടപ്പള്ളി-പൂക്കാട്ടുപടി റോഡ് വീതികൂട്ടി പുനർനിർമ്മിക്കാനുള്ള നീക്കങ്ങൾക്ക് വേഗമേറുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് എംഎൽഎ വി ഇ അബ്ദുൾ ഗഫൂറിൻ്റെ അധ്യക്ഷയിൽ പ്രത്യേക യോഗം ചേർന്നു. എത്രയും പെട്ടെന്ന് നടപടികൾ തുടങ്ങണമെന്നാണ് യോഗത്തിൽ ഉയർന്ന നിർദേശം.
തിരക്കേറിയ കങ്ങരപ്പടി-മുണ്ടംപാലം ഭാഗത്തായിരിക്കും ആദ്യം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക.
കളമശേരിയിൽ വെച്ച് നടന്ന ഉന്നതതല യോഗത്തിൽ കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, പ്രാദേശിക കൗൺസിലർമാർ, സർക്കാർ ഉദ്യോഗസ്ഥർ, ആക്ഷൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. റോഡ് നിർമ്മാണം സംബന്ധിച്ച വിശദമായ പദ്ധതി യോഗം വിലയിരുത്തി. പ്രദേശവാസികളുടെ പിന്തുണയോടും സഹകരണത്തോടും കൂടി മാത്രമേ കാലതാമസമില്ലാതെ നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂവെന്ന് നേതാക്കൾ പറഞ്ഞു. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

സ്ഥലമേറ്റെടുപ്പ് വെല്ലുവിളി തീർക്കുമോയെന്ന ആശങ്ക അധികൃതർക്ക് ഉണ്ട്. കങ്ങരപ്പടി-മുണ്ടപാലം ഭാഗത്തുള്ള പല ഭാഗങ്ങളേയും നിർമ്മാണപ്രവർത്തനങ്ങൾ ബാധിച്ചേക്കും. ഈ ഭാഗത്ത് നിന്നാണ് കൂടുതലായി ഭൂമു ആവശ്യമായി വരുന്നത്. ' പ്രദേശത്തുള്ളവരുടെ താത്പര്യങ്ങളെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ റോഡിനായി ഭൂമി വിട്ടുനൽകേണ്ടി വരുന്ന ഭൂവുടമകളുമായി നേരിട്ട് ചർച്ചകൾ നടത്താൻ യോഗത്തിൽ തീരുമാനമായി. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ മികച്ച രീതിയിൽ പൂർത്തിയാക്കിയാൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു. ഭൂവുടമുകളുടെആശങ്കകളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം വിശദമായി കേൾക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ചർച്ച നടത്തി മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ', മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ ഓരോ ഘട്ടത്തിലും ഏകോപനം ഉറപ്പാക്കണം. അതിനാൽ പ്രദേശവാസികളുമായും ജനപ്രതിനിധികൾ, ആക്ഷൻ കൗൺസിൽ എന്നിവരുമായെല്ലാം തുടർ യോഗങ്ങൾ നടത്തും. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുളള നടപടികൾ തർക്കങ്ങൾ ഇല്ലാതെ പൂർത്തിയാക്കി നിർമ്മാണം സുഗമമാക്കുന്നതിനാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ ടിവിഎസ് ജംഗ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള കൾവർട്ട് നിർമ്മാണ പ്രവൃത്തികൾ ഡിസംബർ 7 ന് ശേഷം ആരംഭിക്കാൻ കുസാറ്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു മഴക്കാലത്ത് യാത്രക്കാരും പ്രദേശവാസികളും അനുഭവിക്കുന്ന ദുരിതത്തിന് ഇതിലൂടെ ശാശ്വത പരിഹാരമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.


Click it and Unblock the Notifications
