നാടിനും വീടിനും മുന്നിൽ പാവത്താൻ, എൻസിബി കുടുക്കിയ എഡിസൺ ലഹരിസംഘത്തിലെ വമ്പൻ സ്രാവ്
കൊച്ചി: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ ഓപറേഷന്‍ മെലനില്‍ കുടുങ്ങി മലയാളി അടക്കമുളള വമ്പന്‍ ലഹരിമരുന്ന് ഇടപാട് സംഘം. ഡാര്‍ക് വെബിന്റെ സഹായത്തോടെ ലഹരി മരുന്ന്- ക്രിപ്‌റ്റോ ഇടപാട് നടത്തിയിരുന്ന സംഘമാണ് വലയിലായത്. മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ എന്ന 35കാരന്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ അടക്കമുളളവരാണ് സംഘത്തിലുളളതെന്ന് എന്‍സിബി വ്യക്തമാക്കുന്നു. ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമാണ് എന്‍സിബിയുടെ കൊച്ചി യൂണിറ്റ് എഡിസണെ കുരുക്കിട്ട് പിടിച്ചത്.
മൂവാറ്റുപുഴയിലെ വീട്ടില്‍ ഭാര്യയ്ക്കും കുഞ്ഞിനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് എഡിസണ്‍ താമസിക്കുന്നത്. എന്നാല്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ എഡിസണ്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് എന്നത് സംബന്ധിച്ച് ഒരു സൂചനയും ഇല്ലായിരുന്നു. എഡിസണ്‍ ഒരു പാവത്താനാണ് എന്നാണ് അയല്‍ക്കാര്‍ക്കടക്കം അഭിപ്രായം.

മെക്കാനിക്കല്‍ എഞ്ചിനീയറായ എഡിസണ്‍ പഠനത്തിന് ശേഷം പല മികച്ച കമ്പനികളിലും ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ആദ്യമായി ഇയാള്‍ ലഹരി ഇടപാടുകള്‍ തുടങ്ങിയത്. തുടര്‍ന്ന് എഡിസണ്‍ ജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി. ആലുവയില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചെങ്കിലും കൊവിഡ് വന്നതോടെ അത് പൂട്ടേണ്ടി വന്നു. ഇതോടെയാണ് പൂര്‍ണമായും ലഹരി കച്ചവടത്തിലേക്ക് എഡിസണ്‍ തിരിഞ്ഞത്.
എന്നാല്‍ നാല് വര്‍ഷത്തോളമായി ഇത് വീട്ടുകാരില്‍ നിന്നടക്കം രഹസ്യമാക്കി വെക്കാന്‍ എഡിസണ് കഴിഞ്ഞു. ഡാര്‍ക്ക് വെബ് വഴിയുളള ലഹരി മരുന്ന് കച്ചവടത്തില്‍ രാജ്യത്തെ തന്നെ വമ്പന്‍ സ്രാവുകളില്‍ ഒന്നാണ് എഡിസണ്‍ എന്ന് വീട്ടുകാരും നാട്ടുകാരും അറിയുന്നത് എന്‍സിബി സംഘം വീട്ടിലെത്തിയപ്പോഴാണ്. കെറ്റാമെലന്‍ എന്ന പേരിലാണ് എഡിസണും സംഘവും പ്രവര്‍ത്തിച്ച് പോരുന്നത്. ഡാര്‍ക്‌നെറ്റില്‍ രാജ്യത്തെ തന്നെ ഏക ലെവല്‍ 4 ലഹരിമരുന്ന് ഇടപാടുകാരാണ് ഇവരെന്ന് എന്‍സിബി വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ എഡിസണിന്റെ വിലാസത്തില്‍ ചില പാഴ്‌സലുകള്‍ എത്തിയിരുന്നു. ഇതാണ് വലിയ ലഹരിസംഘത്തെ പൂട്ടാനുളള വഴി എന്‍സിബിക്ക് മുന്നില്‍ തുറന്നത്. എഡിസണ് എത്തിയ 3 പാഴ്‌സലുകളില്‍ ഉണ്ടായിരുന്നത് 280 എല്‍എസ്ഡി സ്റ്റാമ്പുകള്‍ ആയിരുന്നു. തൊട്ടടുത്ത ദിവസം എന്‍സിബി സംഘം എഡിസണിന്റെ വീട്ടിലെത്തി. ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ എഡിസണെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി.
തങ്ങള്‍ക്ക് അറിയേണ്ടത് കെറ്റാമെലനെ കുറിച്ചാണ് എന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞതും കാര്യങ്ങള്‍ കൈവിട്ട് പോയതായി എഡിസണ്‍ മനസ്സിലാക്കി. എന്‍സിബിയുടെ ചോദ്യം ചെയ്യലില്‍ എഡിസണ്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളുടെ വീട്ടില്‍ നിന്ന് 1127 എല്‍എസ്ഡി സ്റ്റാംപ്, 131.66 കിലോ കെറ്റാമിന്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിന്‍ ക്രിപ്‌റ്റോകറന്‍സി എന്നിവയാണ് റെയ്ഡില്‍ എന്‍സിബി പിടിച്ചെടുത്തത്.












Click it and Unblock the Notifications