പാഠപുസ്തകം അഴിച്ചു പണിയും;അക്ഷരമാല ഉൾപ്പെടുത്തും; കരിക്കുലം കമ്മറ്റി രൂപീകരിച്ച് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കേരളത്തിലെ പാഠപുസ്തകങ്ങളിൽ അടിമുടി മാറ്റം കൊണ്ടു വരാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി സ്കൂൾ പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്നതിന് കരിക്കുലം കമ്മറ്റി രൂപീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മലയാള അക്ഷരമാല പാഠപുസ്തകത്തിൽ പ്രത്യേകം ഉൾപ്പെടുത്താൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ സമൂഹത്തിന്റെ അഭിപ്രായം പ്രത്യേകം തേടേണ്ടതുണ്ടെന്നും വകുപ്പ് മന്ത്രി വ്യക്തമാക്കി.

സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകുന്ന തരത്തിൽ ആകണം പാഠ്യപദ്ധതികൾ സ്വീകരിക്കേണ്ടത്. ഇതിൽ ലിംഗസമത്വം, ലിംഗ അവബോധം, മതനിരപേക്ഷത, ഭരണഘടന, ക്യാൻസർ അവബോധം, ജനാധിപത്യം, കല, സ്പോർട്സ് എന്നീ വിവിധ വിഭാഗങ്ങൾ ഉൾപ്പെടുത്തും. ഇവയെല്ലാം തന്നെ കരിക്കുലം കമ്മിറ്റി ചർച്ച ചെയ്യുമെന്നും വകുപ്പ് മന്ത്രി വ്യക്തമാക്കി.
Recommended Video

പാഠ്യപദ്ധതികളുടെ മികച്ച പരിഷ്കാരത്തിന് വേണ്ടി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി, കരിക്കുലം കോർ കമ്മിറ്റിയും ആണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ചത്. ഇതിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ ചെയർമാനാകും എന്നാണ് വിവരം. അതേസമയം, കരിക്കുലം കോർ കമ്മിറ്റിയുടെ ചെയർമാനായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചുമതലയേൽക്കും.
അടുത്ത അധ്യായന വർഷം മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പുതിയ പാഠ്യപദ്ധതി ഒരുക്കുകയാണ് ലക്ഷ്യം. ഈ പുതിയ പാഠ്യപദ്ധതി ആയിരിക്കും അടുത്ത അധ്യയന വർഷത്തിലെ ശ്രേഷ്ഠമായ ഘടകം എന്നും ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിലെ വിദ്യാർത്ഥികൾ വിജ്ഞാന ഉറവിടങ്ങൾ ആയി മാറുമ്പോൾ അധ്യാപകർക്കും പ്രത്യേക പരിഗണന വിദ്യാഭ്യാസ വകുപ്പ് നൽകുന്നുണ്ട്. അധ്യാപകരുടെ നിലവാരം ഉയർത്താൻ പ്രത്യേക പരിശീലനവും പരീക്ഷയും നടത്തുമെന്നും വകുപ്പ് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications