ചില സ്‌കൂളുകള്‍ക്ക് കച്ചവട മനോഭാവം; ഒന്നാം ക്ലാസിന് എന്‍ട്രന്‍സ് പരീക്ഷ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്വകാര്യ സ്‌കൂളുകളുടെ കച്ചവട മനോഭാവത്തെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ കച്ചവട താത്പര്യത്തോടെയാണ് ചില സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. അത്തരം സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
ഒന്നാം ക്ലാസില്‍ അഡ്മിഷന്‍ ലഭിക്കാന്‍ കൊച്ചുകുട്ടികളെ എന്‍ട്രന്‍സ് പരീക്ഷ എഴുതിക്കുന്ന പ്രവണത കേരളത്തില്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ- 'കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട മനോഭാവത്തോടെ സ്‌കൂളുകള്‍ നടത്തുന്ന ഒരു കൂട്ടം സ്ഥാപനങ്ങള്‍ ഉണ്ട്. ജൂണ്‍ ഒന്നാം തിയ്യതിയാണ് സ്‌കൂള്‍ തുറക്കുന്നത്. ചില സ്‌കൂളുകളില്‍ ഒന്നാം ക്ലാസിന്റെ അഡ്മിഷന്‍ ഇപ്പോഴേ ആരംഭിച്ചു. അഡ്മിഷന്‍ ആരംഭിച്ചത് മാത്രമല്ല, കുട്ടിക്ക് എന്‍ട്രന്‍സ് പരീക്ഷയും കൂടി ഉണ്ട്. അത് കേരളത്തില്‍ അംഗീകരിച്ച് കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല. ബാലപീഡനമാണ് നടക്കുന്നത്. അത് കഴിഞ്ഞിട്ട് രക്ഷകര്‍ത്താവിന് ഒരു ഇന്റര്‍വ്യു ഉണ്ട്. ഇതു ശരിയല്ല.

ഒന്നാം ക്ലാസില്‍ അക്കാദമിക് ആയി ഒരു കാര്യവും പഠിപ്പിക്കേണ്ടതില്ല. പാഠപുസ്തകവും വേണ്ട, എന്‍ട്രന്‍സ് പരീക്ഷയും വേണ്ട, അവന്‍ സന്തോഷത്തോടുകൂടി സ്‌കൂളില്‍ വരട്ടെ, അവന്‍ പ്രകൃതിയെ മനസിലാക്കട്ടെ, ഭരണഘടനയെക്കുറിച്ച് മനസിലാക്കട്ടെ, ഒരു പൗരന്‍ എന്ന നിലയില്‍ വളര്‍ന്നു വരുമ്പോള്‍ ശീലിക്കേണ്ട കാര്യങ്ങള്‍ മനസിലാക്കട്ടെ. അതെല്ലാം മനസില്‍ കേറുന്ന സമയം ഈ ഒന്നാം ക്ലാസുകളിലൊക്കെയാണ്. ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നാം ക്ലാസുകളില്‍ ഒരു സിലബസും ഇല്ല'- വി. ശിവന്‍കുട്ടി പറഞ്ഞു.
ഗവ. സ്‌കൂള്‍ ആയാലും സ്വകാര്യ സ്‌കൂള്‍ ആയാലും, പിടിഎ ഫീസ് വാങ്ങുന്നത് കുറച്ച് കൂടുതലാണ്. ഓരോ ക്ലാസ്സിലും നൂറ് രൂപ അമ്പത് രൂപ വെച്ച് വാങ്ങുന്നത് മനസിലാക്കാം . ഇവിടെ 2500, 3000, 5000 വരെ വാങ്ങുന്ന സ്ഥാപനങ്ങള്‍ ഉണ്ട് എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കര്‍ശന നടപടി അത്തരം സ്‌കൂളുകള്‍ക്കെതിരെ എടുക്കും. അത്തരം പിടിഎ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന പ്രശ്നം ഇല്ല - മന്ത്രി മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications