കുമ്പള സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അതേ വേദിയില്‍ മൈം അവതരിപ്പിക്കും; തടഞ്ഞതില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി
കാസര്‍ക്കോട്ടെ കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പലസ്തീന്‍ വിഷയത്തില്‍ മൈം അവതരിപ്പിച്ചതിനെ ചൊല്ലിയുള്ള വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്തിട്ടുള്ള ജനവിഭാഗമാണ് കേരളം എന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ചയാണ് വിവാദമായ സംഭവം. കലോല്‍സവത്തിനിടെ മൈം അവതരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍ പലസ്തീന്‍ വഷയമാക്കിയിരുന്നു. മൈം തുടങ്ങി അല്‍പ്പം നേരം കഴിഞ്ഞപ്പോള്‍ ഒരു അധ്യാപകന്‍ തടയുകയും കര്‍ട്ടണ്‍ താഴ്ത്തുകയും ചെയ്തു. പിന്നീട് വിദ്യാര്‍ഥികളും അധ്യാപകനും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് വിവരം. കലോല്‍സവം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചു. അദ്ദേഹം ഞെട്ടലോടെയാണ് വിഷയം കേട്ടത് എന്ന് എംഎല്‍എ പറഞ്ഞു. ലോകവും ഇന്ത്യയും മലയാളികളും പലസ്തീന്റെ കൂടെയാണ്. കല അനീതിക്കെതിരായ പോരാട്ടത്തിന്റെ സന്ദേശമാണ് എന്നും എംഎല്‍എ പറഞ്ഞു. കുട്ടികളെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കിട്ടിയ വിവരം എന്നും എംഎല്‍എ പറഞ്ഞു.
ഇന്ന് സ്‌കൂളില്‍ പിടിഎ യോഗം നടന്നു. അധ്യാപകനെതിരെ നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മൈം ഷോ നിയമാവലിക്ക് വിരുദ്ധമായിട്ടാണ് നടന്നതെന്നാണ് അധ്യാപകന്റെ വാദം. എങ്കില്‍ കര്‍ട്ടണ്‍ വലിക്കലാണോ ചെയ്യുക എന്ന് അഷ്‌റഫ് എംഎല്‍എ ചോദിക്കുന്നു. അടുത്ത തിങ്കളാഴ്ച കലോല്‍സം നടക്കും.
അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പറഞ്ഞു. പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ഒപ്പമാണ് കേരളം എന്നു ശിവന്‍കുട്ടി വ്യക്തമാക്കി. ആര്‍ക്കാണ് മൈം തടയാന്‍ അധികാരം. കുട്ടികള്‍ക്ക് അതേ കലോല്‍സവ വേദിയില്‍ മൈം അവതരിപ്പിക്കാന്‍ അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ''കാസര്‍ഗോഡ് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലോത്സവത്തില്‍ മൈം അവതരിപ്പിച്ചതിന് പരിപാടി നിര്‍ത്തി വെപ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റി വെയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പലസ്തീന്‍ വിഷയത്തില്‍ മൈം അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസ്സിലാക്കുന്നത്. ഒരു കാര്യം വ്യക്തമായി പറയാം. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം. പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളം. പലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം? കുമ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും എന്ന കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.''












Click it and Unblock the Notifications