സ്കൂൾ വിദ്യാഭ്യാസ മികവ്:'എ പ്ലസ് പ്ലസ്' നേട്ടവുമായി കേരളം; രണ്ടാം റാങ്കിൽ നിന്ന് എട്ടിലേക്ക് വീണ് ഗുജറാത്ത്
സ്കൂൾ വിദ്യാഭ്യാസ മികവ്:'എ പ്ലസ് പ്ലസ്' നേട്ടവുമായി കേരളം; രണ്ടാം റാങ്കിൽ നിന്ന് എട്ടിലേക്ക് വീണ് ഗുജറാത്ത്
ന്യൂഡൽഹി: വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തന വിലയിരുത്തൽ സൂചികയിൽ കേരളം മുന്നിൽ. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്കൂളുകളുടെ മികവ് അളക്കുന്ന പെർഫോമൻസ് ഗ്രേഡ് ഇൻഡെക്സിലാണ് (പിജിഐ) കേരളവും ആദ്യ റാങ്കിൽ ഇടംപിടിച്ചത്. എ പ്ലസ് പ്ലസ് വിഭാഗത്തിൽ കേരളത്തിന് പുറമെ പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്നാട്, ആൻഡമാൻ ആൻഡ് നിക്കോബാറും ഉൾപ്പെട്ടു. 2019-2020 വർഷത്തെ പ്രവർത്തന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.

അതേസമയം ഗുജറാത്ത് സൂചികയിൽ രണ്ടാം സ്ഥാനത്ത് നിന്ന് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മധ്യപ്രദേശിന്റെയും ഛത്തീസ്ഗഡിന്റെയും സ്കോറുകളും താഴേക്ക് വീണു. മേഘാലയയും ലഡാക്കുമാണ് ഏറ്റവും താഴ്ന്ന ലെവലുകളിലുള്ളത്. യഥാക്രമം 8, 10 ഗ്രേഡുകളിലാണ് ഇവ. ലഡാക്കിനെ ആദ്യമായാണ് ഉൾപ്പെടുത്തുന്നത്.
70 മാനദണ്ഡങ്ങൾ പ്രകാരമാണ് സംസ്ഥാനങ്ങളുടെ മികവ് നിർണയിക്കുന്നത്. പരമാവധി 1000 പോയിന്റുകൾ നിശ്ചയിച്ചാണ് വിലയിരുത്തുന്നത്. ഇതിൽ 950 - 1000 വിഭാഗത്തിൽ ആരും ഇടം കണ്ടെത്തിയില്ല. 929 പോയിന്റുമായാണ് പഞ്ചാബ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 769 പോയിന്റിൽ നിന്നുമാണ് പഞ്ചാബിന്റെ ഈ വളർച്ച. കഴിഞ്ഞ രണ്ട് വർഷവും ഒന്നാമതായിരുന്ന ചണ്ഡിഗഡ് 912 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 906 പോയിന്റ് നേടിയ തമിഴ്നാട് കേരളത്തെ മറികടന്നു. സംസ്ഥാനത്തിന് 901 പോയി്ന്റാണ് ലഭിച്ചത്.
എ പ്ലസ് വിഭാഗത്തിൽ ഡൽഹി, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പുതുച്ചേരി, ദാദ്ര ആൻഡ് നഗർ ഹവേലി തുടങ്ങിയ പ്രദേശങ്ങൾ ഇടം പിടിച്ചു. അധ്യാപകരുടെ ക്ഷാമം, അധ്യാപക പരിശീലനത്തിലെ പോരായ്മകൾ, വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രകടനം വിലയിരുത്തുന്നതിലെ അപര്യാപ്തതകൾ എന്നിവ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളായി സൂചിക ചൂണ്ടിക്കാണിക്കുന്നു.
Recommended Video
കേരളം വിദ്യാഭ്യാസ ലഭ്യതയുടെ കാര്യത്തിൽ ഏറ്റവും മുൻപിലാണ്. എങ്കിലും അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, സമത്വം, ഭരണ നിർവഹണം എന്നിവയിൽ മുന്നേറ്റമുണ്ടാകണം. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം 13-ാം സ്ഥാനത്താണ്. ഏറ്റവും മികച്ച ഭരണ വിഭാഗത്തിൽ ഉയർന്ന സ്കോർ പഞ്ചാബിനാണ്. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ബീഹാറും മേഘാലയയും ഏറ്റവും താഴെയാണ്.












Click it and Unblock the Notifications