ഹോട്ടലിനെ വെല്ലുന്ന മെനു; അങ്കണവാടിയില്‍ ഉച്ചയ്ക്ക് ബിരിയാണിയും ഫ്രൂട്ട് കപ്പും: സ്‌പെഷ്യലുകള്‍ വേറെയുമുണ്ട്
പത്തനംതിട്ട: അങ്കണവാടിയുടെ ഭക്ഷണ മെനുവില്‍ ഇനി ബിരിയാണിയും. അങ്കണവാടി കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച മാതൃകാ ഭക്ഷണ മെനുവില്‍ മുട്ട ബിരിയാണിയും ഉള്‍പ്പെടുത്തി. വിഭവസമൃദ്ധവും പോഷക സമ്പന്നവുമായ മെനു ആണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കിയത്. രണ്ടു ദിവസം കുട്ടികള്‍ക്കു നല്‍കിയിരുന്ന പാലും മുട്ടയും എന്നത് മൂന്ന് ദിവസമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിലാണ് അങ്കണവാടി കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച മാതൃകാ ഭക്ഷണ മെനു ആരോഗ്യ മന്ത്രി പ്രകാശനം ചെയ്തത്.
അടുത്തിടെ അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി മതിയെന്ന് ഒരു വിദ്യാര്‍ത്ഥി സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞത് ഏറെ വൈറല്‍ ആവുകയും മന്ത്രി വീണാ ജോര്‍ജ് ഇതിനു മറുപടി നല്‍കുകയും ചെയ്തിരുന്നു. ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്നാണ് മൂന്നു വയസുകാരനായ ശങ്കു എന്ന കുട്ടി ആവശ്യപ്പെട്ടത്. അംഗന്‍വാടികളുടെ മെനു പരിഷ്‌കരിക്കുമെന്ന വാഗ്ദാനമാണ് മന്ത്രി അന്ന് ശങ്കുവിന് മറുപടിയായി നല്‍കിയത്. ഈ വാഗ്ദാനമാണ് ഇപ്പോള്‍ പാലിക്കപ്പെട്ടത്.

അതേസമയം, ചിക്കന്‍ ബിരിയാണിക്കു പകരം മുട്ട ബിരിയാണിയായിരിക്കും നല്‍കുക. അംഗന്‍വാടികളിലൂടെ കൊച്ചുകുട്ടികള്‍ക്ക് ചിക്കന്‍ നല്‍കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് അത് ഒഴിവാക്കിയത്. പഞ്ചസാരയുടെ ഉപ്പുവിന്റെയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം ഉള്‍പ്പെടുത്തിയാണ് മെനു പരിഷ്‌കരിച്ചിട്ടുള്ളത്.
വനിതാ ശിശു വികസന വകുപ്പ് വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്നാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്ന ഭക്ഷണം തീരുമാനിച്ച് മെനു പരിഷ്‌കരിച്ചത്. മുട്ട ബിരിയാണിയും പുലാവും ആണ് മെനുവില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതുകൂടാതെ കുട്ടികള്‍ക്ക് ആകര്‍ഷമായ നിരവധി വിഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥിരമായി ഉപ്പുമാവ് നല്‍കിയിരുന്ന അങ്കണവാടികളുടെ ഭക്ഷണ മെനു പരിഷ്‌കരിക്കണമെന്ന് ഏറെക്കാലമായി ആവശ്യം ഉയരുന്നുണ്ടായിരുന്നു. ജയിലില്‍ തടവുകാര്‍ക്ക് മികച്ച ഭക്ഷണം നല്‍കുമ്പോള്‍ കുട്ടികള്‍ക്കും അതിന് അവകാശമില്ലേ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ച ഉയര്‍ന്നത്. ആ പരാതികള്‍ക്കാണ് ഇപ്പോള്‍ പരിഹാരമായത്.
പരിഷ്‌കരിച്ച് ഭക്ഷണം അനുസരിച്ച് ആകര്‍ഷകവും വൈവിധ്യവുമായ ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.
തിങ്കളാഴ്ച രാവിലെ പാല്‍, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, ഇലക്കറി, ഉപ്പേരി/തോരന്‍, പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം. ചൊവ്വാഴ്ച പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്ക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട.
ബുധനാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ട് കറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്ഢലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴാഴ്ച രാവിലെ റാഗി, അരി-അട/ഇലയപ്പം, ഉച്ചയ്ക്ക് ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, മുട്ട, ഓംലറ്റ്, പൊതുഭക്ഷണമായി അവല്‍, ശര്‍ക്കര, പഴം മിക്സ്.
വെള്ളിയാഴ്ച പ്രാതലായി പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച രാവിലെ ന്യൂട്രി ലഡു, ഉച്ചയ്ക്ക് വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതു ഭക്ഷണമായി ധാന്യ പായസം എന്നിവ നല്‍കും. ഓരോ വിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള ചേരുവകളും അവയില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം, പ്രോട്ടീന്‍ എന്നിവയടങ്ങിയ പോഷക മൂല്യവും ഉള്‍പ്പെടെയുള്ള വിവരങ്ങളും ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാരിന്റെ തീരുമാനത്തിന് വലിയ കൈയടിയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. മന്ത്രി ആന്റിക്ക് നന്ദി പറഞ്ഞുള്ള ശങ്കുവിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
അതേസമയം ഇതിനുള്ള കാശ് ആര് കൊടുക്കുമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.












Click it and Unblock the Notifications