മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്, ബിജെപിക്കാരെന്ന് എംപി, 'ജയ് ശ്രീറാം വിളിച്ച് കൊണ്ട് മുട്ടയെറിഞ്ഞു'
കൊല്‍ക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ തെഹാട്ടയില് പാര്‍ട്ടി യോഗം കഴിഞ്ഞ് മടങ്ങവേയാണ് മഹുവയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ബിജെപി പ്രവര്‍ത്തകരാണ് മുട്ടയേറ് നടത്തിയത് എന്നാണ് ആരോപണം. മഹുവ മൊയ്ത്രയ്ക്ക് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയും ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.
ബിജെപിയുടെ പ്രാദേശിക മണ്ഡലം പ്രസിഡണ്ടും പഞ്ചായത്ത് സമിതി പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അടക്കമുളള പത്തോളം ബിജെപിക്കാരാണ് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തി മുട്ടയേറ് നടത്തിയത് എന്ന് മഹുവ മൊയ്ത്ര ആരോപിക്കുന്നു. കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുളള എംപിയാണ് മഹുവ മൊയ്ത്ര.
കഴിഞ്ഞ സുപ്രീം കോടതിയില്‍ തനിക്ക് നേരെ മുട്ടയേറ് ഉണ്ടാകാമെന്നുളള മഹുവ മൊയ്ത്രയുടെ വാദത്തിന് മറുപടിയായി സ്വാതന്ത്ര്യ സമരസേനാനികള്‍ വെടിയുണ്ടകളെയാണ് നേരിട്ടത് എന്ന് ബെഞ്ച് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹുവയ്ക്ക് നേരെ മുട്ടയേറ് നടന്നത്. സ്വാതന്ത്ര്യ സമര പോരാളികള്‍ വെടിയുണ്ടകളെ നേരിട്ടത് പോലെ മുട്ടകളെ നേരിടുന്നുവെന്ന് സംഭവത്തിന് പിന്നാലെ മഹുവ മൊയ്ത്ര പ്രതികരിച്ചു.

പോലീസിനെ അറിയിച്ചിട്ടാണ് തെഹാട്ടയില് പാര്‍ട്ടി യോഗത്തിന് പോയതെന്ന് എക്സില്‍ മഹുവ മൊയ്ത്ര വ്യക്തമാക്കി. ഞങ്ങള്‍ തെഹാട്ടയിലെ പാര്‍ട്ടി ഓഫീസിലായിരുന്നു. നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നത് പോലെ ഞങ്ങള്‍ പോലീസ് സംരക്ഷണത്തിലായിരുന്നു. കോടതി പറഞ്ഞത് ആരും മുട്ടയൊന്നും എറിയില്ല എന്നായിരുന്നു. അവര്‍ പോലീസിന്റെ കണ്മുന്നില് വെച്ചാണ് മുട്ട വാങ്ങിയത്. പോലീസിന്റെ മുന്നില്‍ വെച്ച് തന്നെ എന്താണ് സംഭവിച്ചത് എന്ന് നോക്കൂ, പോലീസ് നോക്കി നില്‍ക്കെ അവര്‍ മുട്ടയേറ് നടത്തി. ഇത് കോടതിയലക്ഷ്യമാണ്, മഹുവ മൊയ്ത്ര വീഡിയോയില്‍ പറയുന്നു.
ഈ വീഡിയോയില്‍ മുട്ടത്തോടിന്റെ ഭാഗങ്ങള്‍ മഹുവ മൊയ്ത്രയുടെ മുഖത്ത് കാണാം. കോടതി നിര്‍ദേശ പ്രകാരം നാല് പോലീസുകാരാണ് തനിക്കൊപ്പം ഉണ്ടായിരുന്നത്. ആക്രമണ സമയത്ത് കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തി. അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം അവര്‍ ബലം പ്രയോഗിച്ച് തന്നെ കാറിനുളളില്‍ കയറ്റുകയായിരുന്നു. ഇതാണ് പശ്ചിമ ബംഗാളില്‍ നടക്കുന്നത്. ജയ് ശ്രീറാം വിളിച്ച് കൊണ്ടാണ് തനിക്ക് നേരെ അവര്‍ മുട്ടയെറിഞ്ഞത് എന്നും മഹുവ മൊയ്ത്ര ആരോപിച്ചു.


Click it and Unblock the Notifications
