കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 31ന്; അറഫാ നോമ്പ് വ്യാഴാഴ്ച
കോഴിക്കോട്: ദുല്‍ഹജ്ജ് മാസപ്പിറവി കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ദൃശ്യമായി. ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നായി ഖാസിമാര്‍ പ്രഖ്യാപിച്ചു. ബലി പെരുന്നാള്‍ ജൂലൈ 31ന് വെള്ളിയാഴ്ച ആയിരിക്കും. അറഫാ ദിന നോമ്പ് ജൂലൈ 30ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

സൗദി അറേബ്യയിലും ഈ മാസം 31നാണ് ബലി പെരുന്നാള്‍. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 30നായിരിക്കും. ഇതോടെ ഹജ്ജ് ഒരുക്കങ്ങള്‍ സൗദി ഭരണകൂടം വേഗത്തിലാക്കി. ഹജ്ജിന്റെ പ്രധാന ചടങ്ങാണ് അറഫാ മൈതാനിയിലെ ഒത്തുചേരല്‍. പ്രവാചകന്‍ ഇബ്രാഹീമീന്റെയും കുടുംബത്തിന്റെയും ത്യാഗസ്മരണകളാണ് ബലിപെരുന്നാളിന്റെ കാതല്‍.
കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ വളരെ കുറഞ്ഞ ആഭ്യന്തര തീര്‍ഥാടകരെ മാത്രമേ ഹജ്ജിന് അനുവദിച്ചിട്ടുള്ളൂ. ഏഴ് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ കര്‍മങ്ങള്‍ക്ക് എത്തുക. ഹാജിമാര്‍ക്കൊപ്പം മെഡിക്കല്‍ സംഘം മുഴുവന്‍ സമയവുമുണ്ടാകും. സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ബലിപെരുന്നാള്‍ ആഘോഷം കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ലളിതമായിട്ടായിരിക്കും. പള്ളികളിലെ നമസ്‌കാരം ഇത്തവണയും സാധ്യമാകാനിടയില്ല. ചെറിയ പെരുന്നാളിന് പള്ളികളിലെ നമസ്‌കാരവും ഈദ്ഗാഹുകളും ഒഴിവാക്കിയിരുന്നു. കേരളത്തില്‍ രോഗ വ്യാപനം നടക്കുന്നതിനാല്‍ കടുത്ത നിയന്ത്രണമാണ് പല പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.












Click it and Unblock the Notifications