മാസപ്പിറ കണ്ടു; നാളെ കേരളത്തില്‍ ചെറിയ പെരുന്നാള്‍
കോഴിക്കോട്: കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറ ദൃശ്യമായി എന്നും നാളെ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആയിരിക്കും എന്നും വിവിധ ഖാദിമാര്‍ അറിയിച്ചു. ഒരു മാസം നീണ്ട് നിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇസ്ലാമിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈദ് അല്‍ ഫിത്തര്‍.
മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കാപ്പാടുമാണ് മാസപ്പിറവി ദൃശ്യമായത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും വിവിധ മഹല്ലുകളുടെ ഖാസിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി പി സുഹൈബ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

നന്തന്‍കോട് പള്ളിയുടെ മുകളില്‍ മാസപ്പിറവി ദര്‍ശിച്ചെന്ന് പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി വ്യക്തമാക്കി. അതേസമയം ലഹരിക്കെതിരായ ശക്തമായ പോരാട്ടം നടത്തണമെന്ന് മാസപ്പിറവി ദൃശ്യമായെന്ന് അറിയിച്ച് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. പെരുന്നാള്‍ ആഘോഷങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രയാസം വരാതെ നടത്തണം എന്നും സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനവസ്‌നേഹവും മതമൈത്രിയും ഊട്ടിയുറപ്പിക്കുന്നതായിരിക്കണം ഈ ചെറിയ പെരുന്നാള്‍ എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആശംസിച്ചു.












Click it and Unblock the Notifications