ചെറിയ പെരുന്നാള്‍ ശനിയാഴ്ച; കേരളത്തില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല
കോഴിക്കോട്: ചെറിയ പെരുന്നാള്‍ ശനിയാഴ്ച ആയിരിക്കുമെന്ന് ഖാസിമാര്‍. കേരളത്തില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്നാണിത്. പാളയം ഇമാം ഉള്‍പ്പെടെയുള്ളവരാണ് ഇക്കാര്യം അറിയിച്ചത്. മാസപ്പിറവി കാണാന്‍ വേണ്ടി സജീകരണങ്ങള്‍ ഒരുക്കിയിരുന്നു എങ്കിലും ദൃശ്യമായില്ലെന്ന് ഖാസിമാര്‍ പിന്നീട് അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുമെന്ന് പാളയം ഇമാമും മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ബുഖാരിയും അറിയിച്ചു. സല്‍ക്കര്‍മങ്ങളില്‍ മുഴുകി വെള്ളിയാഴ്ച പെരുന്നാളിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തണമെന്നും ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാമെന്നും ഖാസിമാര്‍ അറിയിച്ചു.

16 മിനുട്ട് മാത്രമാണ് മാസപ്പിറ കാണാന്‍ സാധ്യതയുണ്ടായിരുന്നത്. കാപ്പാട്, കടലുണ്ടി, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാസപ്പിറവി കാണുന്നതിന് പ്രത്യേക സജീകരങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ എവിടെയും കണ്ടില്ല എന്ന വിവരം ഉറപ്പിച്ച ശേഷമാണ് ഖാസിമാര്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ചയാകുമെന്ന് അറിയിച്ചത്.
മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ചകള്‍ വളരെ പ്രധാനമാണ്. പ്രത്യേകിച്ച് റമദാനിലെ വെള്ളിയാഴ്ചകള്‍. ഇത്തവണ റമദാന് 5 വെള്ളിയാഴ്ചകള്‍ ഇതോടെ ലഭിക്കുകയാണ്. വെള്ളിയാഴ്ച പെരുന്നാള്‍ ആകുകയാണെങ്കില്‍ രണ്ട് തവണ ജുമുഅ ഉണ്ടാകുമായിരുന്നു. പെരുന്നാള്‍ ജുമുഅക്ക് പുറമെ വെള്ളിയാഴ്ച ജുമുഅയും.
മറ്റൊന്ന് റമദാന്‍ 30 പൂര്‍ത്തിയായി കിട്ടുന്നു എന്നതും പ്രധാനമാണ്. റമദാനിലെ ഓരോ ദിനരാത്രങ്ങളും പവിത്രമാണെന്നാണ് മുസ്ലിം ലോകം കരുതുന്നത്. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച കൂടി വ്രതമെടുക്കാന്‍ സാധിക്കുന്നത് പുണ്യമാണെന്ന് നേതാക്കള്‍ പറയുന്നു. ഇനി പെരുന്നാളിന് സംശയത്തിന് ഇടയില്ല. ശനിയാഴ്ച വിപുലമായി ആഘോഷിക്കാം.
ശനിയാഴ്ചയും സര്‍ക്കാര്‍ അവധി
വെള്ളിയാഴ്ച പെരുന്നാള്‍ ആകാനിടയില്ല എന്ന് നേരത്തെ വാനനിരീക്ഷകര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അത് ശരിയായിരിക്കുകയാണ്. വെള്ളിയാഴ്ച പെരുന്നാള്‍ ആകുകയാണെങ്കില്‍ ഒരുക്കങ്ങള്‍ വേണ്ടത്ര സുഗമമാകുമായിരുന്നില്ല. ശനിയാഴ്ച പെരുന്നാളാകുന്നത് ആഘോഷത്തിന് ഒരുങ്ങാനുള്ള സമയം കൂടി ലഭിക്കുകയാണ് എന്നത് ആശ്വാസമാണെന്നും മാസപ്പിറ കാണാന്‍ കാപ്പാട് എത്തിയവര്‍ പ്രതികരിച്ചു.
അതേസമയം, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയായിരുന്നു. പെരുന്നാള്‍ ശനിയാഴ്ചയായതോടെ ശനിയാഴ്ചയും അവധിയാകും. ഇതോടെ ഇന്ന് അടച്ച സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി തിങ്കളാഴ്ചയേ തുറക്കൂ. രണ്ട് ദിവസം പെരുന്നാള്‍ അവധിയും ശേഷം ഞായറും കഴിഞ്ഞാകും ഓഫീസുകള്‍ തുറക്കുക.












Click it and Unblock the Notifications