കേരളത്തിന് ആശ്വാസം, ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്
തിരുവനന്തപുരം: ഒമിക്രോൺ ഭീതിയൊഴിഞ്ഞ് കേരളം. സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചിരുന്നത്. ഇതുവരെ 8 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത് എന്നും വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഒരാള്‍ക്ക് കൂടി കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒമിക്രോൺ പരിശോധനയുടെ ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുത് എന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Recommended Video
ഒമൈക്രോൺ ജാഗ്രതയുടെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തില്‍ കയറുന്നത് മുതല്‍ എയര്‍പോര്‍ട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണ്.
എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയര്‍പോര്‍ട്ടുകളില്‍ 5 മുതല്‍ 10 വരെ കിയോസ്‌കുകള്‍ ഒരുക്കുന്നതാണ്. പി.പി.ഇ. കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം നല്‍കുക. ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, വയോജനങ്ങള്‍, ഇവരുമായി വരുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പരിശോധനയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
പോസിറ്റീവായവരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലന്‍സിന്‍ പ്രത്യേക വാര്‍ഡുകളില്‍ എത്തിക്കുന്നതാണ്. ഇതിനായി 108 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നെഗറ്റീവായവര്‍ക്ക് അവരുടെ വാഹനത്തില്‍ വീടുകളില്‍ ക്വാറന്റൈനിലേക്ക് പോകാവുന്നതാണ്. ആ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. യാത്രക്കാര്‍ പുറകിലത്തെ സീറ്റിലിരിക്കണം. യാത്രക്കാരും ഡ്രൈവറും തമ്മില്‍ നേരിട്ട് സമ്പര്‍ക്കം വരാതിരിക്കാന്‍ പ്ലാസ്റ്റിക്കോ മറ്റോ ഉപയോഗിച്ച് പാര്‍ട്ടീഷന്‍ ചെയ്യണം. ഡ്രൈവര്‍ മാസ്‌കും ഫേസ് ഷീല്‍ഡും ശരിയായ വിധം ധരിക്കണം. ഒരു കാരണവശാലും വാഹനം വഴിയില്‍ നിര്‍ത്തി കടകളിലോ മറ്റോ കയറരുത്. യാത്രക്കാരെ എത്തിച്ച ശേഷം വാഹനം സാനിറ്റൈസ് ചെയ്യണം.












Click it and Unblock the Notifications