ഭൂമി ഇടപാടില്‍ എളമരം ഇടനിലക്കാരന്‍
കൊച്ചി: ഖനന വിവാദത്തിലെ ഇളമരം കരീമിന്റെ ബന്ധുവിന്റെ ഭൂമി ഇടപാടില്‍ എളമരം കരീം വീണ്ടും വിവാദത്തില്‍. നൗഷാദിന്റെ ഭൂമി ഇടപാടുകളില്‍ എളമരം കരീം ആണ് ഇടനിലക്കാരനെന്ന് പോലീസ്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടിലാണ് എളമരം കരീമിനെ പ്രതിപാദിച്ചിരിക്കുന്നത്. നൗഷാദിന്റെ ക്വാറി ഇടപാടുകളിലും കരീമാണ് ഇടനിലക്കാരന്‍ എന്നാണ് പോലീസ് പറയുന്നത്. എളമരം കരീം നല്‍കിയ ഉറപ്പിലാണ് ഭൂ ഉടമകള്‍ സ്ഥലം വിട്ട് നല്‍കുന്നതിന് കരാര്‍ ഒപ്പിട്ടതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മോയിന്‍കുട്ടി ഹാജി എന്ന ആള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് കൊടുവള്ളി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തട്ടിപ്പിനിരയായവരോട് ക്രഷര്‍ യൂണിറ്റില്‍ പങ്കാളിത്തം നല്‍കാം എന്ന് എളമരം നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.
ഇതിനിടെ നൗഷാദിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. നൗഷാദിന്റെ സാമ്പത്തിക സ്രോതസ്സാണ് അന്വേഷിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ അന്വേഷണം കരീമിലേക്കും നീളും എന്നാണ് വിവരം.
ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാതെ, പാപ്പരാണെന്ന് പ്രഖ്യാപിച്ച നൗഷാദിന്റെ കയ്യില്‍ ഇത്രയധികം പണം എങ്ങനെ വന്നു എന്നാണ് അന്വേഷിക്കുന്നത്. നിലവില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്ത് വകകളാണ് നൗഷാദിനുള്ളത്. ആഡംബര വീടും, മൂന്ന് ആഡംബര കാറുകളും ഇയാള്‍ക്കുണ്ട്. പലരില്‍ നിന്നായി വാങ്ങിയ 56 ഏക്കര്‍ ഭൂമിയും ഇയാളുടെ പേരിലുണ്ട്. കൂടാതെ ഭാര്യയുടെ പേരില്‍ മൂന്ന് ക്രഷര്‍ യൂണിറ്റുകളും.
പാപ്പരായ നൗഷാദ് എവിടെ നിന്നാണ് ഇതിനൊക്കം പണം കണ്ടെത്തിയത് എന്നാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. കോഴിക്കോട് മേഖല ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ആദായ നികുതി ഇന്റലിജന്‍സ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications