എലത്തൂര്‍ ദേശീയ പാതയില്‍ രക്തക്കറ; ഫോറന്‍സിക് സംഘം സ്ഥലത്ത്, പരിശോധന നടത്തും
കോഴിക്കോട് : ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് തീയിട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെ എലത്തൂര്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ ദേശീയ പാതയില്‍ രക്തക്കറ കണ്ടെത്തി. ഇതേ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രക്തക്കറ ഫോറന്‍സിക് സംഘം പരിശോധിക്കും. കൂടാതെ ആക്രമമുണ്ടായ ഡി വണ്‍, ഡി ടു കോച്ചുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
കേസ്് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി വിക്രമന്‍ ആണ് സംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഭീകരവിരുദ്ധ സേന ഡി വൈ എസ ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡി വൈ എസ് പി വി വി ബെന്നി എന്നിവര്‍ അംഗങ്ങളാണ്.

കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്.
ക്രമസമാധാനവിഭാഗം എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, പ്രതി ഉത്തരേന്ത്യക്കാരനാണെന്ന വിവരമാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. നോയിഡ സ്വദേശിയായ ഷാറൂഖ് സെയ്ഫിയെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ട്രാക്കില്‍ ഉപേക്ഷിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലേക്ക് എത്തിയത്. 30 വയസ് മാത്രം പ്രായം തോന്നിക്കുന്ന ഇയാളുടെ രേഖാചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.
കേസിലെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെയാണ് രേഖ ചിത്രം തയ്യാറാക്കിയത്. എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം ലഭിച്ചിരുന്നെങ്കിലും മുഖം വ്യക്തമായിരുന്നില്ല. രേഖചിത്രം പുറത്തുവിട്ട സാഹചര്യത്തില്‍ പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം, തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അവര്‍ക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications