എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തത്.പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല.

അന്വേഷണം എന്‍ ഐ എ ഏറ്റെടുത്ത സാഹചര്യത്തില്‍ കേസില്‍ ഇതുവരെയുള്ള കണ്ടെത്തലുകള്‍ എല്ലാം തന്നെ എന്‍ ഐ എ സംഘത്തിന് കേരള പൊലീസ് കമാറും.കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാണ് എന്‍ ഐ എ സംഘം പരിശോധിക്കുക. എന്‍ ഐ എ കൊച്ചി യൂണിറ്റാണ് കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ എഫ് ഐ ആര്‍ കൊച്ചി എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കേസിലെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. കേസില്‍ പ്രതിയുടെ നാട് മുതല്‍ കേരളം വരെ നീളുന്ന ഒട്ടേറെ കണ്ണികള്‍ ഇതിലുണ്ടെന്നാണ് എന്‍ ഐ എ സംശയിക്കുന്നത്. നേരത്തെ എന്‍ ഐ എ സംഘം തീവച്ച ട്രെയിനില്‍ തെളിവെടുപ്പ് അടക്കമുള്ളവ നടത്തിയിരുന്നു.
കൃത്യമായ ആസൂത്രണത്തോടെയാണ് ഷാരൂഖിനെ കേരളത്തില്‍ എത്തിച്ചതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കേരളത്തിലേക്കുള്ള ട്രയിന്‍ തിരഞ്ഞെടുത്തതിന് പിന്നിലും വലിയ ആസൂത്രണം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്രയിനിലെ ഒരു ബോഗിയിലായിരുന്നു ഷാരൂഖ് അക്രമണം നടത്തിയത്. എന്നാല്‍ മൂന്ന് ബോഗികള്‍ പൂര്‍ണമായി കത്തിക്കാനായിരുന്നു പദ്ധതിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
മൂന്ന് കുപ്പി പെട്രോള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശം ഉണ്ടായിരുന്നു. എന്നാല്‍ കൃത്യം നടത്താനുള്ള പരിശീലന കുറവ് കാരണം പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ലെന്നാണ് നേരത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തിയത്. ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിലും ആസൂത്രണം നടന്നതായും സൂചനയുണ്ട്.
എന്നാല്‍ ആക്രമണത്തിന് പിന്നില്‍ താന്‍ മാത്രമാണെന്നാണ് ഷാരൂഖ് സെയ്ഫി അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പൊലീസ് വിശ്വസിച്ചിരുന്നില്ല. തനിക്ക് തോന്നിയത് കൊണ്ടാണ് തീയിട്ടത്. എനിക്ക് പിന്നില്‍ ആരുമില്ലെന്നും ഷാരൂഖ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications