ടയർ പഞ്ചറാവുന്നത് സ്വാഭാവികം; എന്നാല്‍ മാധ്യമങ്ങള്‍ ചെയ്തതോ? പൊലീസ് തന്ത്രം പ്രശംസനീയം: ഇപി ജയരാജന്‍
തിരുവനന്തപുരം: കേരളാ പോലീസിന്റെ അന്വേഷണ രംഗത്ത് ഒരു പൊൻ തൂവലാണ് ഏപ്രിൽ രണ്ടിന് രാത്രി ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ പെട്രോൾ ഒഴിച്ച് തീയിട്ട പ്രതിയെ പിടികൂടിയ സംഭവമെന്ന് എല്‍ ഡി എഫ് കണ്‍വീനർ ഇപി ജയരാജന്‍. കോഴിക്കോട് എലത്തൂരിൽ വെച്ചുണ്ടായ ആക്രമണത്തിൽ പിഞ്ച് കുഞ്ഞ് ഉൾപ്പടെ മൂന്ന് നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എല്ലാ ശാസ്ത്രീയ പരിശോധനകളും നടത്തി വളരെ വേഗത്തിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് കേരളാ പോലീസിനെ സംബന്ധിച്ചും സംസ്ഥാനത്തെ അന്വേഷണ ഏജൻസികളെ സംബന്ധിച്ചും അഭിമാനകരമായ നേട്ടമാണ്. കുറ്റവാളിയുടെ സഞ്ചാരപഥം ഉൾപടെ കണ്ടെത്തി മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്ത് തുടരന്വേഷണത്തിനായി കേരളത്തിലെത്തിച്ചത്.

ഇത് സംസ്ഥാന സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടിവരുന്നതിന് ഇടയാക്കി. കുറ്റവാളികൾക്കെതിരെ കടുത്ത നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. പൊതുസമൂഹത്തെ സംബന്ധിച്ചും ജനങ്ങൾക്കും വലിയ ആശ്വാസമാകുന്ന വാർത്തകളാണ് ഇവ. എന്നാൽ ഈ സംഭവത്തെ ചെറുതാക്കി കാണിക്കാനും സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തെ കളങ്കപ്പെടുത്താനും ബോധപൂർവ്വമായ ശ്രമമാണ് കേരളത്തിൽ നടക്കുന്നത് എന്നത് ദൗർഭാഗ്യകരമാണന്നും എല്‍ ഡി എഫ് കണ്‍വീനർ അഭിപ്രായപ്പെടുന്നു.
ഇതിന് ചില മാധ്യമങ്ങളും മുൻകൈ എടുത്ത് പ്രവർത്തിക്കുന്നു. സമർത്ഥമായി കുറ്റവാളിയെ പിടികൂടി കേരളത്തിലെത്തിച്ച് അന്വേഷണത്തിനായി കൊണ്ടുപോകുമ്പോൾ വാഹനത്തിന്റെ ഉൾപ്പടെ ദൃശ്യങ്ങളും ഫോട്ടോയും പ്രചരിപ്പിച്ചും അന്വേഷണത്തെ ദുർബലപ്പെടുത്താനുള്ള ശ്രമം ഗവൺമെന്റ് അന്വേഷിക്കണം. ഇത്തരത്തിലുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയതിന്റെ ഭാഗമായാണ് പോലീസിന് സഞ്ചാരപഥം മാറ്റേണ്ടി വന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഒരു വാഹനത്തിന് അപകടം സംഭവിക്കുന്നതും ടയർ പഞ്ചറാകുന്നതുമെല്ലാം യാദൃശ്ചികമാണ്. അത് അന്വേഷണത്തിന്റെ തകരാറാണ് എന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത് എത്ര ഹീനകരമായ നിലപാടാണ് നമ്മുടെ ഒരു മാധ്യമം ചെയ്തത് എന്നത് അവർ ചിന്തിക്കേണ്ടതാണ്. അത് ആർക്ക് വേണ്ടിയാണ് എന്നതും ആ മാധ്യമ സുഹൃത്തുക്കൾ ആലോചിക്കണം.
പോലീസ് പ്രതിയെ പിടികൂടുകയും രഹസ്യമായി അന്വേഷണ കേന്ദ്രത്തിൽ സൂക്ഷിക്കുകയും ചെയ്തത് ബുദ്ധിപരമായ നടപടിയാണ്. ശാസ്ത്രീയമായി സുരക്ഷിതമായി പ്രതിയെ യഥാസ്ഥാനത്ത് എത്തിക്കാൻ പോലീസ് കാണിച്ച തന്ത്രം പ്രശംസനീയമാണ്. അതിനാൽ കുറ്റാന്വേഷണ രംഗത്ത് പോലീസിനോട് എല്ലാവരും സഹകരിക്കണം.
വാർത്തകൾ പുറത്ത് കൊടുക്കുന്നതിന് പോലീസിൽ തന്നെ ചിലർ പ്രവർത്തിക്കുന്നുണ്ടോ എന്നും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ട്രെയിനിന് തീയിട്ട കേസിൽ പോലീസും അന്വേഷണ ഏജൻസികളും കാണിച്ച സൂക്ഷ്മതയും പ്രതിയെ പിടികൂടാൻ നടത്തിയ കാര്യങ്ങളും അഭിനന്ദനമർഹിക്കുന്നു. മുഴുവൻ അന്വേഷണ ഏജൻസികൾക്കും സംസ്ഥാന പോലീസിനും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേർത്തുന്നു.












Click it and Unblock the Notifications