എലത്തൂർ ട്രെയിൻ തീവെപ്പ്; എന്തിന് ചെയ്തു? ഷാരൂഖ് സെയ്ഫിയുടെ മൊഴി ഇങ്ങനെ
കോഴിക്കോട്: പോലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ തീവണ്ടി തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി. താൻ മാത്രമാണ് സംഭവത്തിന് പിന്നിലെന്നാണ് സെയ്ഫി ആവർത്തിച്ച് പറയുന്നത്. എന്നാൽ പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങളിൽ വ്യക്തത വരുത്താൻ സെയ്ഫിയെ ഇന്നും പോലീസ് ചോദ്യം ചെയ്യും.
തനിക്ക് തോന്നിയതിനാലാണ് തീയിട്ടത് എന്നാണ് ചോദ്യം ചെയ്യലിൽ ഷാരൂഖിന്റെ മറുപടിയത്രേ. 'എനിക്ക് തോന്നി ഞാൻ ചെയ്തു, എന്റെ പിന്നിൽ ആരുമില്ല', എന്നാണ് ചോദ്യം ചെയ്യലിൽ ഷാരൂഖ് പ്രതികരിച്ചത്. ദില്ലിയിൽ നിന്നും തീവണ്ടിയിൽ തന്നെയാണ് ഷൊർണൂരിൽ എത്തിയതെന്ന് അവിടെ നിന്നുള്ള പെട്രോൾ പമ്പിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്നും ഷാരൂഖ് മൊഴി നൽകിയിട്ടുണ്ട്.

ആക്രമണം നടത്തിയ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഷൊർണൂരിൽ നിന്നാണ് കയറിയത്. എന്നാൽ അക്രമണത്തിന് ശേഷം ഇതേ ട്രെയിനിൽ തന്നെയാണോ ഷാരൂഖ് കണ്ണൂരേക്ക് പോയതെന്ന് ഷാറൂഖ് മൊഴി നൽകിയിട്ടില്ല. അതേസമയം ചോദ്യം ചെയ്യലിൽ കൃത്യമായ വിവരങ്ങളൊന്നും നൽകാത്തത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
ഷാരൂഖ് തനിച്ച് ആക്രമണം നടത്തിയെന്നത് പോലീസ് വിശ്വസിച്ചിട്ടില്ല. പ്രതിക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന സംശയത്തിലാണ് പോലീസ്. ഷാരൂഖ് യാത്രയിൽ തന്റെ ഫോൺ ഓഫ് ചെയ്തിട്ടതും ദുരൂഹമാണ്.അതേസമയം കേസുമായി ബന്ധിച്ചപ്പെട്ട് ഇന്ന് ഷാരൂഖിനെ കൂടുതൽ ചോദ്യം ചെയ്യും. വിവിധയിടങ്ങളിൽ എത്തിച്ച് ഷാരൂഖിന്റെ തെളിവെടുപ്പ് നടത്തുകയും ചെയ്യും.
കണ്ണൂരിൽ നിർത്തിയിട്ടിരിക്കുന്ന ബോഗി, എലത്തൂർ സ്റ്റേഷൻ, പെട്രോൾ വാങ്ങിയ സ്ഥലം തുടങ്ങിയിടങ്ങളിൽ ഇയാളെ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ട്. അതേസമയം പ്രതി കുറ്റം സമ്മതിച്ചതായി എ ഡി ജി പി എം ആർ അജിത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ട്രാക്കിൽ നിന്നും കണ്ടെത്തിയ ബഗാ ്ഇയാളുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
307 (കൊലപാതകശ്രമം) ,ആസിഡ് പോലുള്ളവ ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കൽ,തീപിടിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുക,
ഇന്ത്യൻ റെയിൽവേ നിയമം 151-ാം വകുപ്പ് ( റെയിൽവേ വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുക) എന്നീ കുറ്റങ്ങളാണ് ഷാരൂഖിന് മേൽ ചുമത്തിയിരിക്കുന്നത്.
കേരളം ഞെട്ടിയ എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവത്തിൽ മൂന്ന് പേരായിരുന്നു മരിച്ചത്. എട്ട് പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications