പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ
നേതൃത്വം നൽകുന്ന ബിജെപിയിലും ഘടകകക്ഷികളിലും പുകയുന്ന അതൃപ്തി എൻഡിഎയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് ഇനിയും സീറ്റ് ലഭിക്കാത്തതാണ് ബിജെപി പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുള്ളത്. വർഷങ്ങളായി പാർട്ടിക്കുവേണ്ടി നിലകൊള്ളുന്ന നേതാക്കൾ മോഹിച്ച സീറ്റുകൾ ട്വന്റി 20, ബിഡിജെഎസ് തുടങ്ങിയ ഘടകകക്ഷികൾക്ക് നൽകിയതിലെ പ്രതിഷേധവും ബിജെപിയിൽ ശക്തമാണ്.
കൊടുങ്ങല്ലൂരിൽ പ്രചാരണം വരെ തുടങ്ങിയ ബിജെപി ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനെ തഴഞ്ഞ് ട്വന്റി 20ക്ക് സീറ്റ് നൽകിയതിന്റെ പരാതി കേന്ദ്ര നേതൃത്വത്തെയും ആർഎസ്എസിനെയും അറിയിച്ചിട്ടുണ്ട്. തൃശൂർ നൽകാത്തതിനാൽ മത്സരിക്കാനില്ലെന്ന് എം.ടി. രമേശ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
ജെ.ആർ. പത്മകുമാർ, എ. നാഗേഷ്, ജി.ജി. ജോസഫ്, എ.എൻ. രാധാകൃഷ്ണൻ, കരമന ജയൻ തുടങ്ങിയവരും ആദ്യ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. ബിജെപിയെ ശത്രുക്കളായി പ്രഖ്യാപിച്ചും പൊതുജനമധ്യത്തിൽ അപമാനിച്ചും നീങ്ങിയ പലരും ഇപ്പോൾ പാർട്ടി സ്ഥാനാർഥികളായി രംഗത്തെത്തിയത് പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.

ട്വൻറി 20ക്ക് കൂടുതൽ സീറ്റുകൾ നൽകിയതിലും അവരുടെ സ്ഥാനാർഥി നിർണയത്തിലും ബിജെപിയിൽ അതൃപ്തി പുകയുന്നതിനിടെയാണ് പെരുമ്പാവൂരിൽ ട്വന്റി 20 സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയിലില്ലെന്ന വിവരം പുറത്തുവന്നത്. പത്രിക സമർപ്പിക്കുന്ന ദിവസത്തിന് മുമ്പ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കാനോ പുതിയ സ്ഥാനാർഥിയെ കണ്ടെത്താനോ കഴിയാതെ വരുന്ന സാഹചര്യത്തിൽ സീറ്റ് ട്വന്റി 20യിൽനിന്ന് ബിജെപി ഏറ്റെടുക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാണ്.
ബിജെപിക്ക് വലിയ സ്വാധീനമുള്ള തൃപ്പൂണിത്തുറ സീറ്റിൽ ട്വൻ്റി 20 സ്ഥാനാർഥിയായി നടി അഞ്ജലി നായരെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രോഷപ്രകടനവുമായി മണ്ഡലത്തിലെ ബിജെപി അണികൾ എത്തിയിരുന്നു. പാർട്ടിക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലം ഘടകകക്ഷിക്ക് നൽകിയതിൽ നേതാക്കൾക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ്.
അതേസമയം, പാറശ്ശാല സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിന്റെ നേതാവ് വിഷ്ണുപുരം ചന്ദ്രശേഖർ രംഗത്തെത്തിയത് തിരുവനന്തപുരത്തെ എൻഡിഎയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്. ബിജെപി നേതൃത്വത്തിന്റേത് കടുത്ത അവഗണനയാണെന്നും ഞങ്ങളെ വേണ്ടെങ്കിൽ പുറത്താക്കൂ എന്നുമാണ് വിഷ്ണുപുരം ചന്ദ്രശേഖർ പറയുന്നത്. നേമത്ത് അടക്കം ഒറ്റക്ക് മത്സരിക്കാനാണ് കാമരാജ് കോൺഗ്രസ് തീരുമാനമെന്നും അദ്ദേഹം പറയുന്നു.
പത്തനംതിട്ടയിലെ എൻഡിഎയിലും തർക്കമുണ്ട്. മുൻനിര മണ്ഡലമായ ആറന്മുള ബിഡിജെഎസിന് നൽകുന്നതിനോട് ഒരു വിഭാഗം ബിജെപി നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. കോന്നിയിലും അടൂരിലും എൻഡിഎ തീരുമാനം നീളുകയാണ്. മറ്റു പാർട്ടികളിലെ നേതാക്കളെ ചാടിച്ചു കൊണ്ടുവരാനും നീക്കമുണ്ട്. ചെങ്ങന്നൂരില്‍ എം.വി. ഗോപകുമാറിനെ സ്ഥാനാർഥിയാക്കിയതില്‍ പ്രാദേശിക നേതാക്കളില്‍ ചിലരുടെ പ്രതിഷേധം ശക്തമാണ്.
എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാഥിയില്ലെന്നാണ് ചെങ്ങന്നൂരിൽ നിന്നുയരുന്ന പരാതി. കാഞ്ഞിരപ്പളളി സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ പരസ്യപ്രതികരണം നടത്തിയ ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിള്‍ മാത്യുവിനെ ബി.ജെ.പി സസ്പെന്‍റ് ചെയ്തതും സ്വതന്ത്രനായി നോബിൾ മത്സരിക്കാൻ നീക്കം നടത്തുന്നതും എൻഡിഎക്ക് തിരിച്ചടിയാണ്.












Click it and Unblock the Notifications