വടകര പ്രവചനാതീതം, പുതിയ വോട്ടുകള്‍ വിധിയെഴുതും
എന്‍ഡിഎഫുകാര്‍ കൊന്നു തള്ളിയ ഇവി ബിനുവിന്റെ മാതാപിതാക്കളില്‍ നിന്നും അനുഗ്രഹം വാങ്ങിയതിനുശേഷമാണ് വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍ നാദാപുരം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം കുറിച്ചത്. പ്രാദേശിക നേതാവ് പികെ കുഞ്ഞികൃഷ്ണനൊപ്പം പുലര്‍ച്ചെ 5.45നു തുടങ്ങിയ യാത്ര 50ഓളം കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.
അതേ സമയം പ്രമുഖ എതിരാളിയായ യുഡിഎഫിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂത്തുപറമ്പ് മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. പ്രദേശത്തെ എംഎല്‍എയായ കൃഷിമന്ത്രി കെപി മോഹനനൊപ്പമായിരുന്നു യാത്ര. രണ്ടു പേരുടെയും പര്യടനങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ആവേശത്തിന്റെ ചെറിയൊരു മുന്‍തൂക്കം മുല്ലപ്പള്ളിയുടെ യാത്രക്കാണുണ്ടായിരുന്നത്.

ശക്തമായ ചൂട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷംസീറിനെ പലപ്പോഴും വെള്ളംകുടിപ്പിച്ചു. യുപിഎ സര്‍ക്കാറിനെയും മോഡിയെയും ബിജെപിയെയും കുറ്റപ്പെടുത്താനും അടുത്ത പ്രധാനമന്ത്രി മൂന്നാം മുന്നണിയില്‍ നിന്നുള്ള ആളായിരിക്കുമെന്ന് പ്രഖ്യാപിക്കാനുമാണ് ഷംസീര്‍ തന്റെ വാക്കുകള്‍ ഉപയോഗപ്പെടുത്തിയത്. പ്രസംഗത്തില്‍ ആവേശം വരുത്താന്‍ ശ്രമിച്ച ഷംസീറിനോ അതു കേള്‍ക്കാനെത്തിയ പ്രവര്‍ത്തകര്‍ക്കോ വേണ്ടത്ര ഊര്‍ജ്ജമുണ്ടായിരുന്നില്ലെന്നതാണ് സത്യം. സിപിഎം കോട്ടകളില്‍ പോലും പ്രസംഗത്തോട് തണുത്ത പ്രതികരണമാണുണ്ടായത്.

ഷംസീര്‍ സാധാരണ പ്രവര്‍ത്തകര്‍ക്കടുത്തെത്തി കുശലം പറയാനുള്ള മര്യാദ കാണിച്ചപ്പോള്‍ മുല്ലപ്പള്ളി പ്രത്യേകമൊരുക്കിയ വാഹനത്തില്‍ തന്നെ നില്‍ക്കാനാണ് താല്‍പ്പര്യം കാണിച്ചത്. ഒടുവില്‍ മാധ്യമപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മുല്ലപ്പള്ളി ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിചെന്നത്. പടക്കം പൊട്ടിച്ചും ബാന്‍ഡ് മേളത്തോടും കൂടിയാണ് കോണ്‍ഗ്രസ് അണികള്‍ മുല്ലപ്പള്ളിയെ സ്വീകരിച്ചത്. എന്നാല്‍ തുടര്‍ച്ചയായ പ്രസംഗങ്ങള്‍ മുല്ലപ്പള്ളിയെയും തളര്‍ത്തിയെന്നു പ്രസംഗത്തില്‍ നിന്നും വ്യക്തമാക്കിയിരുന്നു.

ഒട്ടേറെ നാട്ടുകാരുമായി ആശയവിനിമയം നടത്താന്‍ വണ്‍ഇന്ത്യ ടീമിന് സാധിച്ചു. ചുവപ്പ് കോട്ടയാണെങ്കിലും വടകരയ്ക്ക് ഇത്തവണ പ്രവചനാതീതമായ സ്വഭാവമാണുള്ളതെന്ന് അവരില്‍ ഭൂരിഭാഗം പേരും പറയുന്നു. ഷംസീറിനെ പോലൊരു സ്ഥാനാര്‍ത്ഥി അപ്രതീക്ഷിതമായാണ് കടന്നു വന്നത്. ആര്‍എംപിയാണെങ്കില്‍ ജനപ്രിയ നേതാക്കളെ പരീക്ഷിക്കുന്നതിനു പകരം അഡ്വ.കുമാരന്‍കുട്ടിയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. ആം ആദ്മി പാര്‍ട്ടിയ്ക്കുവേണ്ടി മത്സരിക്കുന്ന സിനിമാ സംവിധായകന്‍ അലി അക്ബറും ബിജെപിയുടെ വികെ സജീവനും വീറും വാശിയോടും കൂടി മത്സരരംഗത്തുണ്ട്.












Click it and Unblock the Notifications