കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ, 150 കമ്പനി കേന്ദ്ര സേന, തിരഞ്ഞെടുപ്പിൽ അറിയേണ്ടതെല്ലാം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഏപ്രില്‍ 6ന് കേരളത്തില്‍ വോട്ടെടുപ്പും മെയ് 2ന് ഫലപ്രഖ്യാപനവും നടക്കും. മാര്‍ച്ച് 12നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. മാര്‍ച്ച് 19 വരെ നോമിനേഷന്‍ സമര്‍പ്പിക്കാം.

മാര്‍ച്ച് 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുളള അവസാന തിയ്യതി മാര്‍ച്ച് 22 ആണ്. തിരഞ്ഞടുപ്പ് പ്രഖ്യാപനം നടത്തിയതോടെ സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പതിവിലും വിപരീതമാണ് ഇക്കുറി തിരഞ്ഞെടുപ്പ് നടപടികള്‍. അറിയാം:

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

 40771 പോളിംഗ് ബൂത്തുകൾ

40771 പോളിംഗ് ബൂത്തുകൾ

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ 40771 പോളിംഗ് ബൂത്തുകളാണുളളത്. ഒരു ബൂത്തില്‍ അനുവദിക്കുന്ന പരമാവധി ആളുകളുടെ എണ്ണം ആയിരം ആണ്. കൊവിഡ് പ്രൊട്ടോക്കോള്‍ ബൂത്തുകളില്‍ കര്‍ശനമായി പാലിക്കണം. 80ന് മുകളില്‍ പ്രായം ഉളളവര്‍ക്കും കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട് സൗകര്യം ഉപയോഗപ്പെടുത്താം. ഓരോ മണ്ഡലത്തിലും 30.8 ലക്ഷം ആണ് സ്ഥാനാർത്ഥികൾക്ക് ചിലവഴിക്കാവുന്ന തുക.

വാഹന റാലിക്ക് അഞ്ചു വാഹനങ്ങള്‍

വാഹന റാലിക്ക് അഞ്ചു വാഹനങ്ങള്‍

വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ വരെ നീട്ടും. പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രമേ പോകാൻ പാടുളളൂ. പ്രചാരണത്തിന്റെ ഭാഗമായുളള റോഡ് ഷോയ്ക്ക് നിയന്ത്രണങ്ങളോടെ മാത്രം അനുമതി നൽകും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രമേ പാടുളളൂ. വാഹന റാലിക്ക് അഞ്ചു വാഹനങ്ങള്‍ മാത്രം. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. നക്‌സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

298 നക്‌സൽ ബാധിത ബൂത്തുകൾ

298 നക്‌സൽ ബാധിത ബൂത്തുകൾ

കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സൽ ബാധിത ബൂത്തുകളുള്ളത്. നക്‌സൽ ബാധിത ബൂത്തുകളിലും ക്രിട്ടിക്കൽ, വൾനറബിൾ ബൂത്തുകളിലും പോളിംഗ് സ്‌റ്റേഷൻ വളപ്പിനുള്ളിൽ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 549 ക്രിട്ടിക്കൽ ലൊക്കേഷൻ ബൂത്തുകളും 433 വൾനറബിൾ ബൂത്തുകളുമുണ്ട്. ഇത്തവണ 50 ശതമാനം പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും.

തിരഞ്ഞെടുപ്പ് കമ്മിഷൻ സംരക്ഷിക്കും

തിരഞ്ഞെടുപ്പ് കമ്മിഷൻ സംരക്ഷിക്കും

പോളിംഗ് ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണം. നല്ല രീതിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും തിരഞ്ഞെടുപ്പ് കമ്മിഷൻ സംരക്ഷിക്കും. കാഴ്ചപരിമിതരായ വോട്ടർമാർക്കായി ബ്രെയിൽ സ്‌ളിപ്പുകൾ വിതരണം ചെയ്യും. എല്ലാ പോളിംഗ് ബൂത്തുകളിലും ഇത്തരത്തിലെ ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്ത് ഉണ്ടാകും. കാഴ്ച പരിമിതിയുള്ള വോട്ടർമാർക്ക് ഇതിൽ ട്രയൽ ചെയ്യാൻ അവസരം നൽകും. ഇത്തരത്തിൽ 45000 ഡമ്മി ബ്രെയിൽ സ്‌ളിപ്പുകൾ പ്രിന്റ് ചെയ്യും. ഫോട്ടോ ഒഴിവാക്കിയുള്ള വോട്ടർ സ്‌ളിപ്പുകളാവും ഇത്തവണ വിതരണം ചെയ്യുക.

താപനില പരിശോധിക്കും

താപനില പരിശോധിക്കും

ഇംഗ്‌ളിഷിലും മലയാളത്തിലുമുള്ള വോട്ടർ ഗൈഡും വിതരണം ചെയ്യുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈഡിംഗ് ഓഫീസർമാർ പ്രത്യേകം സൂക്ഷിക്കണം. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ താപനില പരിശോധിക്കും. ചൂട് കൂടുതൽ കണ്ടെത്തുന്ന വോട്ടർമാരെ മാറ്റി നിർത്തും. ഒരു മണിക്കൂറിന് ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതൽ കണ്ടെത്തിയാൽ അവർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അവസരം നൽകും.

മാസ്‌ക്ക് താഴ്ത്തിക്കാണിക്കണം

മാസ്‌ക്ക് താഴ്ത്തിക്കാണിക്കണം

പോളിംഗ് ബൂത്തിൽ എത്തുന്ന വോട്ടർമാർ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയുന്നതിനായി മാസ്‌ക്ക് താഴ്ത്തിക്കാണിക്കണം. സ്ത്രീകൾ, പുരുഷൻമാർ, മുതിർന്നപൗരൻമാർ/ ഭിന്നശേഷിക്കാർ എന്നിവർക്കായി ബൂത്തുകളിൽ മൂന്ന് പ്രത്യേക ക്യൂ ഉണ്ടാവും. ഭിന്നശേഷി വോട്ടർമാർക്കായി പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. വോട്ടുചെയ്യാൻ എത്തുന്ന ഭിന്നശേഷിക്കാർക്ക് പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ പാസ് നൽകും. പോസ്റ്റൽ ബാലറ്റുകളുടെ ക്രമീകരണത്തിനായി ഒരു അഡീഷണൽ എ. ആർ. ഒയെ വീതം നിയമിക്കും. നാമനിർദ്ദേശപത്രിക പിൻവലിക്കൽ പൂർത്തിയായി മൂന്നു ദിവസത്തിന് ശേഷം പോസ്റ്റൽ ബാലറ്റ് വിതരണം ആരംഭിക്കും.

പോസ്റ്റൽ ബാലറ്റ് സൗകര്യം

പോസ്റ്റൽ ബാലറ്റ് സൗകര്യം

പോസ്റ്റൽ ബാലറ്റുമായി ഉദ്യോഗസ്ഥർ എത്തുന്ന വിവരം വോട്ടറെയും സ്ഥാനാർത്ഥിയെയും മുൻകൂട്ടി അറിയിക്കും. അത്യാവശ്യ സേവന വിഭാഗത്തിൽ പെടുന്ന ആരോഗ്യം, പോലീസ്, ഫയർഫോഴ്‌സ്, ജയിൽ, എക്‌സൈസ്, മിൽമ, വൈദ്യുതിവകുപ്പ്, വാട്ടർ അതോറിറ്റി, കെ. എസ്. ആർ. ടി. സി, വനംവകുപ്പ്, ട്രഷറി, തിരഞ്ഞെടുത്ത കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അംഗീകൃത മാധ്യമ സ്ഥാപനങ്ങൾ, ആംബുലൻസ് എന്നിവയിൽ ജോലി ചെയ്യുന്നവർക്കും ഇത്തവണ പോസ്റ്റൽ ബാലറ്റ് സൗകര്യം ലഭിക്കും.

150 കമ്പനി കേന്ദ്ര സേന

150 കമ്പനി കേന്ദ്ര സേന

അനധികൃത ഹോർഡിംഗുകൾ, ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ നീക്കം ചെയ്യാൻ പ്രത്യേക ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഇലക്ഷൻ കമ്മീഷന് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്താൻ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 30 കമ്പനി സേന കേരളത്തിലെത്തിയിട്ടുണ്ട്. ബി. എസ്. എഫിന്റെ 15, ഐ. ടി. ബി. പി, എസ്. എസ്. ബി, സി. ഐ. എസ്. എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികളാണ് എത്തിയത്.

2,67,31,509 വോട്ടർമാർ

2,67,31,509 വോട്ടർമാർ

നിലവിലെ കണക്കു പ്രകാരം കേരളത്തിൽ 2,67,31,509 വോട്ടർമാരാണുള്ളത്. ഇതിൽ 1,29,52,025 പുരുഷൻമാരും 1,37,79,263 സ്ത്രീകളും 221 ട്രാൻജെൻഡർ വോട്ടർമാരുമുണ്ട്. 6,21,401 പേർ 80 വയസ് കഴിഞ്ഞവരാണ്. 90709 പ്രവാസി വോട്ടർമാരും 1,33,000 ഭിന്നശേഷി വോട്ടർമാരുമുണ്ട്. 52782 ബാലറ്റ് യൂണിറ്റുകളും 49475 കൺട്രോൾ യൂണിറ്റുകളും 53189 വിവിപാറ്റും കേരളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
Election Code of Conduct in Kerala: What Are The Do's and Don’ts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X