തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതി; തോമസ് ഐസകിനോട് വിശദീകരണം തേടി കലക്‌ടർ
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയിൽ പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസകിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ.ചൊവ്വാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിർദ്ദേശം. ഐസക് സർക്കാർ സംവിധാനങ്ങളെ പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് യു ഡി എഫ് ആണ് പരാതി നൽകിയത്.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ- ഡിസ്‌കിന്റെ ജീവനക്കാരേയും ഹരിതസേന, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളേയും പ്രചാരണത്തിന് ഐസക്ക് ഉപയോഗിക്കുന്നു എന്ന് കാണിച്ചാണ് യു ഡി എഫ് കൺവീനർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. കെ- ഡിസ്‌കിലെ കണ്‍സള്‍ട്ടന്റുകള്‍, കുടുംബശ്രീ സംവിധാനം എന്നിവ ഉപയോഗപ്പെടുത്തി വീടുകള്‍ കയറി യുവാക്കള്‍ക്ക് ജോലി വാഗ്ദാനം നൽകുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. തോമസ് ഐസക് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് അടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ തോമസ് ഐസക് അവകാശപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതുകൂടാതെ സർക്കാർ ഔദ്യോഗിക പരിപാടികളുടെ സ്ഥിരം സാന്നിധ്യമാകുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ ഉണ്ട്. 40 കെ- ഡിസ്‌ക് ജീവനക്കാരെ തൊഴില്‍ സ്‌കില്‍ വികസനം എന്ന വ്യാജേന പ്രചാരണത്തിന് ഉപയോഗിക്കുന്നതായും ഈ ജീവനക്കാര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലിരുന്ന് പ്രവര്‍ത്തിക്കുന്നതായും പരാതിയില്‍ പറയുന്നു. അതേസമയം തന്റെ ഭാഗത്ത് നിന്ന് യാതൊരു ചട്ടലംഘനവും ഉണ്ടായിട്ടില്ലെന്നാണ് തോമസ് ഐസകിന്റെ വിശദീകരണം. എന്നാൽ ജില്ലാ കളക്ടർ വിശദീകരണം തേടിയതിലൂടെ തന്നെ ചട്ടലംഘനം വ്യക്തമായെന്ന് യു ഡി എഫ് പ്രതികരിച്ചു.
അതേസമയം പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. യു ഡി എഫിന് വേണ്ടി സിറ്റിംഗ് എം പി ആന്റോ ആന്റണി തന്നെയാണ ്മത്സരിക്കുന്നത്. എൻ ഡി എയ്ക്കായി അനിൽ ആന്റണിയും മത്സര രംഗത്തുണ്ട്. 2019 ലെ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണി 380927 വോട്ടുകള്‍ നേടിയായിരുന്നു വിജയിച്ചത്. അന്ന് വീണ ജോർജ് ആയിരുന്നു സി പി എം സ്ഥാനാർത്ഥി. 336684 വോട്ടുമായി രണ്ടാം സ്ഥാനത്ത് എത്താൻ വീണ ജോർജിന് സാധിച്ചിരുന്നു. 297396 വോട്ടുകളായിരുന്നു എൻ ഡി എ സ്ഥാനർത്ഥിയായ കെ സുരേന്ദ്രന് ലഭിച്ചത്. ഇത്തവണ ഐസകിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് സി പി എം പ്രതീക്ഷ.












Click it and Unblock the Notifications