ബി ഗോപാലകൃഷ്ണന്‍ കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, പുതിയ വിവരം
കൊച്ചി: ഹിന്ദു എംഎല്‍എ, ഗുരുവായൂര്‍ ക്ഷേത്രം തുടങ്ങിയ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വീഡിയോ ഇറക്കിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ നടപടിക്ക് സാധ്യത. ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ഗോപാലകൃഷ്ണന്‍. ഇദ്ദേഹത്തിന്റെ പ്രചാരണത്തിനെതിരെ നിരവധി പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുണ്ട്.
വീഡിയോ പരിശോധിക്കുന്നുണ്ടെന്നും ചട്ടംലംഘടിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്നും നടപടി വൈകിപ്പിക്കരുത് എന്നാണ് നിര്‍ദേശം നല്‍കിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണല്‍ രത്തന്‍ ഖേല്‍ക്കര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ ഇടതും വലതും നിര്‍ത്തിയിട്ടില്ല. തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഇല്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ അടങ്ങുന്നതാണ് ഗോപാലകൃഷ്ണന്റെ വീഡിയോ.

വീഡിയോ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. പരാതി തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ കളക്ടറോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറില്‍ നടപടി എടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് നല്‍കിയ നിര്‍ദേശമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. പാര്‍ട്ടികളും വ്യക്തികളും പരാതി നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണം, എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്നെല്ലാം പെരുമാറ്റ ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ വീഡിയോയില്‍ ചട്ടലംഘനം നടന്നോ എന്നാണ് കളക്ടര്‍ പരിശോധിക്കുക. നടപടി എടുത്ത് വൈകാതെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ സൂചിപ്പിച്ചു. നടപടി വേഗം എടുക്കണം എന്നാണ് തീരുമാനം. തിങ്കളാഴ്ചയ്ക്കകം നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ നിയമസഭാ മണ്ഡലം: ചുരുക്ക വിവരണം
ആറ് ഗ്രാമ പഞ്ചായത്തുകളും രണ്ട് മുന്‍സിപ്പാലിറ്റികളും ചേര്‍ന്നതാണ് ഗുരുവായൂര്‍ നിയമസഭാ മണ്ഡലം. കെജി കരുണാകര മേനോനും ബിവിഎസ് തങ്ങളും പികെകെ ബാവയും പിടി കുഞ്ഞുമഹമ്മദും കെവി അബ്ദുല്‍ ഖാദറുമെല്ലാം ജയിച്ചുകയറിയ മണ്ഡലമാണ് ഗുരുവായൂര്‍. നിലവില്‍ സിപിഎമ്മിലെ എന്‍കെ അക്ബറാണ് എംഎല്‍എ. ഇദ്ദേഹം ഇത്തവണയും എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കുന്നുണ്ട്. യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗിലെ സിഎച്ച് റഷീദ് മല്‍സരിക്കുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 18000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അക്ബര്‍ മുസ്ലിം ലീഗിലെ കെഎന്‍എ ഖാദറിനെ പരാജയപ്പെടുത്തിയത്. ബിജെപി പിന്തുണച്ച ഡിഎസ്‌ജെപി സ്ഥാനാര്‍ഥി ദിലീപ് നായര്‍ക്ക് 6000 വോട്ട് മാത്രമാണ് കിട്ടിയത്. ഇത്തവണ എന്‍ഡിഎയില്‍ നിന്ന് ബിജെപിയാണ് ഇവിടെ മല്‍സരിക്കുന്നത്. വര്‍ഗീയ പ്രചാരണം നടത്തുന്ന ഗോപാലകൃഷ്ണനെതിരെ നടപടി വേണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടിരിക്കുന്നത്.
2016ല്‍ എന്‍ഡിഎക്ക് വേണ്ടി ബിജെപിയാണ് മല്‍സരിച്ചത്. നിവേദിത സുബ്രഹ്മണ്യനായിരുന്നു ബിജെപി സ്ഥാനാര്‍ഥി. 25000 വോട്ടാണ് അന്ന് ലഭിച്ചത്. ഇവിടെ ഹിന്ദു ഏകീകരണം വേണം എന്നാണ് ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. മതവും ജാതിയും പറഞ്ഞ് വോട്ട് പിടിക്കരുത് എന്നാണ് പെരുമാറ്റ ചട്ടം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications