തിരഞ്ഞെടുപ്പ് തോൽവി; സംസ്ഥാന കമ്മിറ്റിയുടെ അവലോകനം തളളി കേന്ദ്ര കമ്മിറ്റി, തിരുത്തൽ വേണം
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ സി പി എം കേന്ദ്ര കമ്മിറ്റിയിൽ അതിരൂക്ഷവിമർശനം. സംസ്ഥാനത്തെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത് മാർക്സിയൻ രീതിയിലല്ലെന്ന് കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി. ആഴത്തിലുള്ള തിരുത്തൽ നടപടി വേണമെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നു.
ദേശീയതലത്തിൽ സി പി എം ഇന്ത്യ സഖ്യത്തിന്റെ ഭാഗമായത് കോൺഗ്രസിനൊപ്പം എന്ന പ്രതീതി കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ കേന്ദ്ര കമ്മിറ്റി തള്ളി. ജാതി- മത സംഘടനകളുടെ സമീപനം മാത്രമാണ് തോൽവിക്ക് കാരണമെന്ന സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തൽ അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.

മുൻ കാലങ്ങളിലെ തീരുമാനങ്ങൾ പലതും ഫലപ്രദമായി നടപ്പാക്കാൻ ആയില്ല. പാർട്ടിയുടെ സ്വതന്ത്രമായ ശക്തി വർദ്ധിപ്പിക്കാൻ ആയില്ലെന്നും കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി. തിരുത്തല്‍ നിര്‍ദേശങ്ങളും യോഗത്തിൽ ഉയര്‍ന്നു. കേരളത്തിലെ ബി ജെ പിയുടെ പ്രകടനവും പാര്‍ട്ടിക്കെതിരായ ജനവികാരവും തിരിച്ചടിയിലേക്ക് നയിച്ചുവെന്നും നേതൃത്വം വിലയിരുത്തി.
സിപിഎമ്മിന് അധികാരമുള്ള ഏക സംസ്ഥാനമാണ് കേരളം. തുടർച്ചയായി രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് പാർട്ടി നേരിട്ടത്. ആകെയുള്ള 20 സീറ്റിൽ ഒരു സീറ്റിൽ മാത്രമാണ് രണ്ട് തിരഞ്ഞെടുപ്പുകളിലും സി പി എമ്മിന് വിജയിക്കാനായത്. 2019 ൽ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം യു ഡി എഫിന് അനുകൂലമായി മാറിയതാണെന്നായിരുന്നു സി പി എം വിശദീകരണം.
അതേസമയം സംസ്ഥാന കമ്മിറ്റിയിൽ നേരത്തേ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു. രണ്ടാം പിണറായി സർക്കാർ, ആദ്യത്തേതിന്റെ നിഴൽ മാത്രമാണെന്നും പൊതുസമൂഹം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രത സർക്കാർ കാണിച്ചില്ലെന്നുമാണ് വിമർശനം ഉയർന്നത്. മൈക്ക് വിവാദവും രക്ഷാപ്രവർത്തന പ്രതികരണവുമെല്ലാം പ്രതിച്ഛായക്ക് കോട്ടം സൃഷ്ടിച്ചു. സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്മെന്റും തോൽവിക്ക് കാരണമെന്ന ആക്ഷേപവും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായി.
പിന്നാക്ക- പട്ടികജാതി വിഭാഗങ്ങളെ എൽ ഡി എഫ് സർക്കാരിന്റെ അവഗണന അകറ്റിയെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. പൗരത്വ ഭേദഗതി ബില്ലിൽ ഊന്നിയുള്ള പ്രചരണം തിരിച്ചടിച്ചു. മുസ്ലീങ്ങളെ കൂടെ നിർത്താൻ ശ്രമിച്ചപ്പോൾ അതുകൊണ്ട് പ്രയോജനം ഉണ്ടായത് കോൺഗ്രസിനാണ്. മുസ്ലീം സമൂഹത്തെ ഒപ്പം നിർത്താൻ ശ്രമിച്ചപ്പോൾ ഭൂരിപക്ഷവും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും സി പി എമ്മിനെ കൈവിട്ടു. എല്ലാ വിഭാഗങ്ങളുടെ വോട്ടിലും ചോർച്ച ഉണ്ടായെന്നും വിമർശനം ഉണ്ടായിരുന്നു.












Click it and Unblock the Notifications