സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നു; സ്വിച്ച് ഇട്ടത് പോലെ പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും കൂടുന്നു. വൈദ്യുതി ലഭ്യതയിൽ കുറവ് നേരിടുന്ന കെഎസ്ഇബിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയാണ് വൈദ്യുതി ഉപഭോഗം കുത്തനെ കൂടുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും ഉറപ്പായിട്ടുണ്ട്. ഏകീകൃത സമയക്രമം പാലിച്ച് വേണം നിയന്ത്രണമെന്നാണ് സെക്ഷൻ ഓഫീസുകൾക്ക് കെഎസ്ഇബി നൽകിയിരിക്കുന്ന നിർദേശം. വൈകീട്ട് ആറര മുതൽ പുലർച്ചെ രണ്ടര വരെയും ഏതാണ്ട് ഒരേ അളവിലാണ് വൈദ്യുതി വേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ വൈദ്യുതി നിയന്ത്രണം പുലർച്ചെ വരെ നീളും.
പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറ്റാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സ്വിച്ച് ഇട്ടതുപോലെ പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല പ്രതിസന്ധിയെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. മഴ കുറഞ്ഞതും കൽക്കരിയുടെ ക്ഷാമവും വൈദ്യുതി ഉത്പാദനത്തെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന മന്ത്രി ചൂടുകാരണം വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയത് ഇതിനോടൊപ്പം ചേർത്ത് വെക്കണമെന്നും പറയുന്നു. എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം കൂടി. അതോടെ രാത്രി 7 മണി മുതൽ പത്ത് മണി വരെ കണക്കാക്കിയിരുന്ന പീക്ക് അവറുകൾ ഇപ്പോൾ പതിനൊന്ന് മണിക്ക് ശേഷവും തുടരുന്ന അവസ്ഥയാണ്. ഇലക്ട്രിക് വാഹനങ്ങൾ കൂടിയതും ഉപഭോഗം കൂടാൻ കാരണമായിട്ടുണ്ട്.

കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ ഏതാണ് എഴുപത്തിയഞ്ച് ശതമാനവും പുറത്ത് നിന്ന് വാങ്ങുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് വേണ്ടി വന്നത് 4000 മെഗാവാട്ട് ആയിരുന്നെങ്കിൽ ഇക്കുറി സെപ്റ്റംബർ പകുതിയാകുമ്പോൾ തന്നെ ആവശ്യം 5200 മെഗാവാട്ട് ആയി ഉയർന്നു. 1200 മെഗാവാട്ടിന്റെ വർധന നിസ്സാരമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു പുറമെയാണ് 465 മെഗാവാട്ടിന്റെ ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതിന്റെ തിരിച്ചടി.
യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി കിട്ടിക്കൊണ്ടിരുന്ന കരാറാണത്. ഇതിപ്പോൾ യൂണിറ്റിന് പത്ത് രൂപ നൽകിയാൽ പോലും വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടുന്ന കരാർ പുനഃസ്ഥാപിച്ചു കിട്ടാൻ സുപ്രീംകോടതിയിൽ അടിയന്തരഹർജി നൽകാനൊരുങ്ങുകയാണ് സർക്കാർ. അതിരപ്പിള്ളി പദ്ധതിക്കുള്ള എതിർപ്പ് ഉന്നയിച്ച മന്ത്രി ജലവൈദ്യുതി പദ്ധതികൾ വ്യാപിപ്പിക്കാനുള്ള പരിമിതികൾ ഓർമിപ്പിച്ചു.
തെർമൽ പ്ലാന്റുകളും ഇല്ലാത്ത കേരളത്തിന് ഏറ്റവും അനുയോജ്യം സൗരോർജം ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ്. പകൽ സുലഭമായ സൗരോർജം ഫലപ്രദമായി ഉപയോഗിക്കാൻ ബാറ്റി എനർജി സ്റ്റോറേജ് സിസ്റ്റം അത്യാവശ്യമാണ്. എറണാകുളം,മലപ്പുറം, കാസർകോട് ജില്ലകളിൽ സൗരോർജ ബാറ്ററി സ്റ്റോറേജ് സിസ്റ്റങ്ങൾ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. അതിനുവേണ്ട നടപടികൾ തുടങ്ങിക്കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.
സൗരോർജവും ബാറ്ററി സ്‌റ്റോറേജ് രീതികളും പരമാവധി പ്രയോജനപ്പെടുത്താൻ ജനങ്ങളും സന്നദ്ധരാകണമെന്ന് മന്ത്രി പറഞ്ഞു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കോർ റെൻ എക്സ്പോ 2026, എനർജി കോൺക്ലേവ്' എന്നിവയുടെ ഉദ്ഘാടനവേദിയിലാണ് സൗരോർജത്തിന്റെയും ബാറ്ററി സ്‌റ്റോറേജിന്റെയും വിപുലീകരണത്തിന് സർക്കാർ ഉദ്ദേശിക്കുന്ന കാര്യം മന്ത്രി സണ്ണി ജോസഫ് വിശദീകരിച്ചത്.
അതേസമയം ആഭ്യന്തര വൈദ്യുതി ഉത്പാദനം കൂട്ടിയില്ലെങ്കിൽ കേരളം ഇതിലും വലിയ പ്രതിസന്ധി അധികം വൈകാതെ നേരിടേണ്ടി വരുമെന്നാണ് വൈദ്യുതി ബോർഡ് നൽകിയിട്ടുള്ള മുന്നറിയിപ്പ്. സംസ്ഥാനത്തിന് ആവശ്യമായതിന്റെ 25 ശതമാനം മാത്രമാണ് ഇപ്പോൾ സ്വന്തമായി ഉത്പാദിപ്പിക്കുന്നത്. ദീർഘകാല കരാറുകൾ പ്രകാരം വൈദ്യുതി കിട്ടിത്തുടങ്ങാൻ കാലതാമസം ഉണ്ടാകുമെന്നും വെള്ളം ആവർത്തിച്ച് ഉപയോഗിക്കാൻ കഴിയുന്ന പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികളും പുതിയ ജലവൈദ്യുത പദ്ധതികൾക്കൊപ്പം വേണമെന്നുമാണ് വിലയിരുത്തൽ.


Click it and Unblock the Notifications
