ആന എഴുന്നള്ളിപ്പ് ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവെക്കും; അനുമതിയില്ലാതെ എഴുന്നള്ളിച്ചാല്‍ ആനകളെ വിലക്കും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം. കോഴിക്കോട് എ ഡി എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. കഴിഞ്ഞ ദിവസം കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആനകള്‍ ഇടഞ്ഞ് മൂന്ന് പേര്‍ക്ക് മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.
നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയാണ് ഇന്ന് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊണ്ടത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന എല്ലാ നിബന്ധനകളും ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റികളും നിര്‍ബന്ധമായും പാലിക്കേണ്ടതാാണ് എന്ന് യോഗം വ്യക്തമാക്കി.

ആനകള്‍ തമ്മിലും ആനകളും ജനങ്ങളും തമ്മിലും പാലിക്കേണ്ട അകലം ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൃത്യമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം എന്നും ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷനില്ലാത്ത ക്ഷേത്രങ്ങള്‍ യാതൊരു കാരണവശാലും ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല എന്നും ഇന്ന് ചേര്‍ന്ന യോഗം നിര്‍ദേശിച്ചു.
അനുമതിയില്ലാതെ എഴുന്നള്ളിക്കുന്ന ആനകളെ ഉത്സവങ്ങളില്‍ നിന്ന് വിലക്കാനും തീരുമാനമായിട്ടുണ്ട്. വേനല്‍ക്കാലമായതിനാലും അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലും എഴുന്നള്ളിക്കുന്ന ആനകളുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ജല ലഭ്യതയും തണലും ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം.
അതേസമയം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി രജിസ്ട്രേഷന്‍ റദ്ദ് ചെയ്യും എന്നും യോഗത്തിന് ശേഷം അധികൃതര്‍ അറിയിച്ചു. കൊയിലാണ്ടിയില്‍ ആനയിടഞ്ഞ സംഭവത്തില്‍ വനം വകുപ്പും റവന്യൂ വകുപ്പും വ്യത്യസ്ത തരത്തിലുള്ള കണ്ടെത്തലുകള്‍ ആണ് വനംമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
ആന ഇടയാന്‍ കാരണം പടക്കമല്ലെന്നും പിന്നില്‍ വരികയായിരുന്ന ഗോകുല്‍ എന്ന ആന മുന്നില്‍ കയറിയതാണ് പീതാംബരന്‍ എന്ന ആനയെ പ്രകോപിപ്പിച്ചത് എന്നുമാണ് വനം വകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഗോകുലിനെ പീതാംബരന്‍ ആക്രമിച്ചതോടെ ഗോകുല്‍ ക്ഷേത്ര കമ്മിറ്റി ഓഫിസിലേക്ക് കയറി. ഇതോടെ ഓഫീസ് തകര്‍ന്ന് വീണു എന്നുമാണ് വനം വകുപ്പ് പറയുന്നത്.
എന്നാല്‍ ആനകളുടെ സമീപത്ത് നിന്ന് പടക്കം പൊട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. നാട്ടാന പരിപാലനചട്ടത്തിന്റെ ലംഘനമുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് റവന്യൂ വകുപ്പ് വനം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications