തണ്ണീർക്കൊമ്പന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: മരണ കാരണം ഹൃദയാഘാതം
മാനന്തവാടി: തണ്ണീർക്കൊമ്പന്റെ മരണ കാരണം ഹൃദയാഘാതമെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വനംവകുപ്പ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ശരീരത്തിൽ മുഴ ഉണ്ടായിരുന്നുവെന്നും അത് പഴുത്തെന്നും പറയുന്നു. ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു.
ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മർദ്ദത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മരണ കാരണമായെന്നാണ് വനംവകുപ്പ് അധികൃതർ അറിയിച്ചത്.കർണാടക കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. രാവിലെ തുടങ്ങിയ പോസ്റ്റ്മോർട്ടം വൈകീട്ട് മൂന്ന് മണിയോടെ പൂർത്തിയായി.

വെള്ളിയാഴ്ച പുലർച്ചെ മാനന്തവാടി ടൗണിലെത്തിയ തണ്ണീർക്കൊമ്പനെ വൈകീട്ട് അഞ്ചരയോടെ ആണ് മയക്ക് വെടിവെച്ചത്. ആനയെ രാത്രി പത്തരയോടെ ലോറിയിൽ കയറ്റി കൊണ്ടുപോയി കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ എത്തിക്കുകയായിരുന്നു. പുലർച്ചെയാണ് ആന ചരിഞ്ഞത്. ആനയെ മയക്ക് വെടി വെച്ച് വാഹനത്തിൽ കയറ്റുന്ന സമയത്ത് തന്നെ ആന അവശനായിരുന്നു.
ഇന്നലെ പുലർച്ചെ പായോടാണ് റേഡിയോ കോളർ ഘടിപ്പിപ്പിച്ച ആനയെ കണ്ടത്. തുടർന്ന് ആന മാന്തവാടി ടൗണിലെത്തി. കഴിഞ്ഞ മാസം ഹാസനിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടി ബന്ദിപ്പൂരിൽ വിട്ട തണ്ണീർ കൊമ്പനാണ് ഇതെന്ന് പിന്നീട് സ്ഥിരീകരിച്ചു. പകൽ മുഴുവൻ ആന മാന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേർന്നാണ് നിലയുറപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഉച്ചയോടെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications