നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; അടിയന്തരപ്രമേയം ഒഴിവാക്കാനുള്ള നീക്കം തകര്‍ത്ത് പ്രതിപക്ഷം
തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് മുതല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച വിജയം ആവര്‍ത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. 2024- 25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുകയാണ് ആദ്യ ഇനത്തിലെ പ്രധാന അജണ്ട. 28 ദിവസമായിരിക്കും നിയമസഭ ചേരുക.
ഈ സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലായ് 8 വരെ 13 ദിവസം ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാനായി നീക്കി വെച്ചിരിക്കുകയാണ്. അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും 8 ദിവസം സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുമായാണ് മാറ്റി വെച്ചിരിക്കുന്നത്. ഇന്ന് രാവിലെ ചോദ്യോത്തരവേളയ്ക്ക് ശേഷം അല്പ സമയം സഭാ നടപടികള്‍ നിറുത്തിവെക്കും. ഈ സമയം മെമ്പേഴ്‌സ് ലോഞ്ചില്‍ വെച്ച് നിയമസഭാംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും.

തുടര്‍ന്ന്, 2024 ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍, 2024 ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ സഭയില്‍ അവതരിപ്പിക്കും. ജൂണ്‍ 13, 14, 15 തീയതികളില്‍ ലോക കേരള സഭയുടെ നാലാം സമ്മേളനം നടക്കും. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ ആണ് ഇത് നടക്കുക. ജൂലായ് 25 നാണ് സഭാ സമ്മേളനം അവസാനിപ്പിക്കുക.
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചേരുന്ന ആദ്യ സമ്മേളനമായതിനാല്‍ തന്നെ എല്‍ഡിഎഫിന്റെ തോല്‍വിക്ക് പിന്നില്‍ ഭരണവിരുദ്ധ വികാരമാണ് എന്ന് ചൂണ്ടിക്കാട്ടി സഭയില്‍ കനത്ത പ്രതിപക്ഷ പ്രതിഷേധം ഉയരും. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം ചൂണ്ടിക്കാട്ടിയായിരിക്കും ഭരണപക്ഷം പ്രതിരോധം തീര്‍ക്കുക.
അതേസമയം ആദ്യ ദിനം തന്നെ ബാര്‍കോഴയില്‍ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ആദ്യ ദിനം അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷം തയ്യാറായില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ഫോട്ടോയില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ സ്പീക്കര്‍ വഴങ്ങി.
അതിനിടെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പടെ നടക്കാനുണ്ട്. കേരളത്തില്‍ വരുന്ന മൂന്ന് ഒഴിവുകളില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫിനും ഒരു സീറ്റില്‍ യുഡിഎഫിനും ജയിക്കാനാകും. യുഡിഎഫില്‍ നിന്ന് മുസ്ലീം ലീഗാണ് മത്സരിക്കുന്നത്. എല്‍ഡിഎഫിലെ ഒരു സീറ്റില്‍ സിപിഎം മത്സരിക്കും. ബാക്കിയുള്ള ഒരു സീറ്റിനായി സിപിഐ, കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി എന്നീ കക്ഷികള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications