സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതു മേഖലാ സ്ഥാപനം അടച്ചു പൂട്ടുന്നു, ആശങ്കയോടെ തൊഴിലാളികൾ
എറണാകുളം : ഏലൂരിലെ എച്ച് ഐ എൽ അടച്ചു പൂട്ടാനൊരുങ്ങുന്നു. സംസ്ഥാനത്തെ തന്നെ ആദ്യ കേന്ദ്ര പൊതു മേഖലാ സ്ഥാപനമാണ് എച്ച് ഐ എൽ ലിമിറ്റഡ്. ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് എന്നാണ് സ്ഥാപനത്തിന്റെ പൂർണ രൂപം. കീട നാശിനി, രാസം വളം ഉൾപ്പെടെയുള്ളവ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ തന്നെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഇത്. അതേ സമയം അടച്ചു പൂട്ടൽ സംബന്ധിച്ച ഉത്തരവിറങ്ങിയതോടെ ആശങ്കയിലാണ് ഇവിടത്തെ തൊഴിലാളികൾ.

എച്ച് ഐ എൽ കനത്ത നഷ്ടത്തിലായതിനെത്തുടർന്നാണ് സ്ഥാപനം അടച്ചു പൂട്ടാൻ തീരുമാനിച്ചത്. വർഷങ്ങളായി ഫാക്ടറി നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. നേരത്തെ 1500 പേരോളം ജോലി ചെയ്തിരുന്ന ഇവിടെ നിലവിൽ 44 പേർ മാത്രമാണ് നിലവിലുള്ളത്. ഒക്ടോബർ 10ന് ആണ് ഫാക്ടറി അടച്ചു പൂട്ടാൻ ഉത്തരവിറങ്ങിയത്. എന്നാൽ തൊഴിലാളികൾ ഇപ്പോഴും ഫാക്ടറിയിൽത്തന്നെ തുടരുകയാണ്.
1858 ൽ ആണ് എറണാകുളത്തെ ഏലൂരിൽ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചത്. രാജ്യത്ത് ഒരു കാലത്ത് കീടനാശിനികളും രാസ വളവും വിൽക്കുന്നതിൽ പ്രബലരായിരുന്നു സ്ഥാപനം. എന്നാൽ പിന്നീട് ഡി ഡി ടിയുടെ വിപണി മൂല്യം കുറഞ്ഞത് എച്ച് ഐ എല്ലിന് തിരിച്ചടിയായി. എൻഡോസൾഫആൻ നിരോധനവും സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി.
നിലവിൽ പ്ലാന്റിനുള്ളിൽ രാസവളമോ കീടനാശിനിയോ ഒന്നും ഉത്പാദിപ്പിക്കുന്നില്ല. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാകട്ടെ ശമ്പളം കിട്ടിയിട്ട് മാസങ്ങൾ പിന്നിടുന്നു. പി എഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നിലവിൽ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. സ്ഥാപനം അടച്ചു പൂട്ടുന്നതോടെ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇവിടത്തെ തൊഴിലാളികൾ.












Click it and Unblock the Notifications