പഠനത്തോടൊപ്പം തൊഴിലും: കർമ്മചാരി പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ഡോ. ബിന്ദു

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി സംസ്ഥാനത്ത് എത്രയും വേഗം നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ മന്ത്രിതല ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയായതായി മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ വകുപ്പുകളിലെയും തൊഴിൽ വകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള വിശദമായ ചർച്ചകൾക്ക് ശേഷം പദ്ധതിക്ക് അന്തിമ രൂപം നൽകും.
പഠനത്തോടൊപ്പം തൊഴിൽ എന്നതാണ് കർമ്മചാരി പദ്ധതിയുടെ മുദ്രാവാക്യം.വിദ്യാർഥികൾക്കിടയിൽ തൊഴിലിന്റെ മഹത്വവും മൂല്യവും വർദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, കോളേജ് തലത്തിൽ ഇത് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2021 - 22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് പഠനത്തോടൊപ്പം ജോലി എന്നത് സാധ്യമാക്കുന്നതിനായി 'കർമ്മചാരി' പദ്ധതി പ്രഖ്യാപിച്ചിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലായിരിക്കും ഇത് നടപ്പിലാക്കുക.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, തൊഴിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ലേബർ കമ്മീഷണർ മൂന്നു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇന്ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പങ്കെടുത്തു. പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ മൂന്ന് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് കർമ്മചാരി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആർട്സ് ആൻഡ് സയൻസ് കോളേജുകൾ,ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പട്ടിക ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും.
ഈ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽമാർ, ഹയർസെക്കന്ററി പ്രിൻസിപ്പൽമാർ തുടങ്ങിയവർക്ക് പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകണം.ഓൺലൈൻ പോർട്ടൽ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ ജോലി നൽകുമ്പോൾ ഇവർക്ക് ലഭിക്കേണ്ട വേതനം സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കണം.
മന്ത്രിതല യോഗത്തിന് പിന്നാലെ എറണാകുളം ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിലേയും ഉന്നതവിദ്യാഭ്യാസ വകുപ്പിലേയും തൊഴിൽ വകുപ്പിലേയും ഉയർന്ന ഉദ്യോഗസ്ഥരുടെ ഒരു യോഗം സംഘടിപ്പിക്കും. പദ്ധതിയിൽ ചേരുന്ന വിദ്യാർത്ഥികളെ ഇ.എസ്.ഐ/പി.എഫ് പദ്ധതിയിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പരിശോധിക്കാനും യോഗം തീരുമാനിച്ചു.












Click it and Unblock the Notifications