ഇഡി അനുഗ്രഹിച്ച് പോയി എന്ന് ഗോകുലം ഗോപാലന്‍; ഒന്നരക്കോടി രൂപ പിടിച്ചെടുത്തെന്ന് ഇഡി
ചെന്നൈ: ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. കേരളത്തിലും തമിഴ്‌നാട്ടിലുമായുള്ള ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ഇന്നലെ മുതലാണ് പരിശോധന ആരംഭിച്ചത്. റെയ്ഡില്‍ ഒന്നരക്കോടി രൂപയ്‌ക്കൊപ്പം ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് വിവരം.
പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ഗോകുലം ഗോപാലനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ആണ് വെള്ളിയാഴ്ച മുതല്‍ ഇഡി റെയ്ഡ് നടത്തിയത്. കോടമ്പാക്കത്തെ സ്ഥാപനത്തിലെ റെയ്ഡ് ശനിയാഴ്ച പുലര്‍ച്ച വരെ നീണ്ടിരുന്നു.

വെള്ളിയാഴ്ച രാവിലെ കോഴിക്കോട് കോര്‍പറേറ്റ് ഓഫീസില്‍ വെച്ച് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ ഗോകുലം ഗോപാലനെ അവിടെ വെച്ചും ഇഡി ചോദ്യം ചെയ്തു. ആകെ ഏഴര മണിക്കൂറോളമാണ് ഗോപാലനെ ചോദ്യം ചെയ്തത്.
ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചു എന്നാണ് ഇഡി പറയുന്നത്. ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സില്‍ പ്രവാസികളില്‍ നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചിട്ടുണ്ട് എന്നാണ് വിവരം. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കുകയാണ്. 2022-ല്‍ ഇ ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് നിലവിലെ അന്വേഷണം എന്നാണ് അറിയുന്നത്.
ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടി രൂപ സമാഹരിച്ചെന്നും ചിട്ടിക്കെന്ന പേരില്‍ പ്രവാസികളില്‍നിന്ന് 593 കോടി രൂപ നേരിട്ട് വാങ്ങുകയും പിന്നീട് ഈ തുക അക്കൗണ്ട് വഴി കൈമാറി എന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം ഇഡി പരിശോധനയില്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഗോകുലം ഗോപാലന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്. ഇഡി ഉദ്യോഗസ്ഥര്‍ 'ബ്ലെസ്' ചെയ്താണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
എമ്പുരാന്‍ സിനിമയുമായി ഈ പരിശോധനയ്ക്ക് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് എല്ലാം സ്വാഭാവികമായ പരിശോധന മാത്രമാണെന്നായിരുന്നു ഗോപാലന്റെ മറുപടി. എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഗോകുലം ഗോപാലന്‍. സിനിമയിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങളുടെ പേരില്‍ സംഘപരിവാര്‍ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.












Click it and Unblock the Notifications