ഗോപാലേട്ടനും ലാലേട്ടനും തെറ്റിദ്ധരിപ്പിക്കപ്പെട്ടു, കഥയറിയാതെ തിയറ്ററിലെത്തി, പൃഥ്വിക്കെതിരെ ആർഎസ്എസ് നേതാവ്
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പൃഥ്വിരാജിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആർഎസ്എസ് നേതാവ് എ ജയകുമാർ. മോഹൻലാലിനേയും നിർമ്മാതാവ് ഗോകുലം ഗോപാലനേയും തെറ്റിദ്ധരിപ്പിച്ചുവെന്നും ഇവരെ പ്രിവ്യൂ കാണിച്ചില്ലെന്നും കഥ പൂർണമായും അറിയാതെയാണ് ഇവർ തിയറ്ററിൽ എമ്പുരാൻ കാണാനെത്തിയത് എന്നും ആർഎസ്എസ് നേതാവ് ആരോപിക്കുന്നു.
എമ്പുരാൻ മോഹൻലാലിനെയും ഗോകുലം ഗോപാലനെയും തകർക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന എന്ന തലക്കെട്ടിലാണ് കുറിപ്പ്. പൂർണരൂപം വായിക്കാം: '' എമ്പുരാൻ സിനിമ യുടെ കഥയും ആവിഷ്കാരവും കോടിക്കണക്കിന് ജനങ്ങളെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പൃഥ്വിരാജും കൂട്ടരും ചതിച്ചത് നമ്മുടെ നാടിനെയും ഭരണകൂടത്തെയും ആണ്. എൻഐഎ പോലുള്ള ദേശീയ ഏജൻസികളെ ജനലക്ഷങ്ങളുടെ മുൻപിൽ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് ആർക്ക് വേണ്ടിയായിരുന്നു.

മുല്ലപ്പെരിയാർ ഡാം ബോംബിട്ട് തകർത്തു കേരളത്തെ നശിപ്പിക്കും എന്ന ഭീഷണി കേന്ദ്രത്തിൽ നിർണായകസ്വാധീനം ചെലുത്തുന്നതായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രത്തിനെ കൊണ്ട് പറയിപ്പിച്ചത് നിർദോഷമായ കലയല്ല, കുത്സിത പ്രവർത്തനം ആണ്. അതിന് ഗുജറാത്ത് കലാപവുമായി ഒരു ബന്ധുവുമില്ല എന്ന് മാത്രമല്ല അങ്ങനെയൊരു ആഖ്യായികയോട് ഒരു തരത്തിലും ബന്ധപ്പെടുത്തുവാൻ കഴിയുന്ന കാര്യവുമല്ല . തിരക്കഥാകൃത്തിന്റെയും അണിയറയിലെയും അരംഗത്തെയും ഗൂഢാലോചകരുടെ ലക്ഷ്യമാണ് അത്തരം ഒരു ഭീഷണിയിലൂടെ പുറത്തുവരുന്നത്.
സെൻസർ ബോർഡിനു കാണാൻ കഴിയാത്തതു തീയേറ്ററിൽ പോയ ജനങ്ങൾക്ക് കാണാൻ കഴിഞ്ഞു. മോഹൻലാലിനും ഗോകുലം ഗോപാലേട്ടനും പറയാൻ അറയ്ക്കുന്നത് എനിക്ക് പറയാതിരിക്കാൻ കഴിയില്ല. തെറ്റിദ്ധരിപ്പിക്കപ്പെടുകയും പ്രിവ്യൂ ഇല്ലാതിരിക്കുകയും, കഥയുടെ പൂർണ രൂപം മനസ്സിലാക്കിക്കാതെയും ആണ് സിനിമ തിയേറ്ററിൽ ഗോപാലേട്ടനും ലാലേട്ടനും എത്തുന്നത്. സിനിമാ ലോകത്തെ രാജാക്കന്മാരായ ഗോപാലേട്ടനെയും ലാലേട്ടനെയും അക്ഷരാർത്ഥത്തിൽ കൊലക്കുകൊടുക്കുകയാണ് ചിലർ ചെയ്തത് .
പൃഥ്വിരാജും സഹായികളും ചെയ്തത് രാജ്യദ്രോഹകുറ്റമാണ്. ഈ നാട്ടിലെ ജനകോടികൾ ഇതിനു വിധി എഴുതട്ടെ. സിനിമയിൽ രാഷ്ട്രീയവും മതവും കലർത്തി കേരളത്തെയും മലയാളികളെയും ഇടത് തീവ്രവാദ കൂടാരത്തിലേക്ക് കൊണ്ടുപോകാം എന്ന് ധരിക്കുന്നവരെ സിനിമ ലോകം ചവറ്റു കൊട്ടയിലെറിയും. ഇവിടെ കരളുറപ്പുള്ള ഒരു പ്രധാനമന്ത്രിയും കൈവിലങ്ങ് വയ്ക്കാൻ കരുത്തുള്ള ആഭ്യന്തരമന്ത്രിയും ഉള്ള നാടാണ്. കളം വിട്ടു കളിച്ചാൽ കാണികൾ ഉണ്ടാവില്ല എന്ന് മാത്രമല്ല, എന്നെന്നേക്കുമായി കളി അവസാനിപ്പിക്കുകയും ചെയ്യും''.
പൃഥ്വിരാജിനെതിരെ യുവമോർച്ചയും രംഗത്ത് വന്നിട്ടുണ്ട്. പൃഥ്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണം എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' എമ്പുരാൻ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിൻ്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണം.
ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശവിരുദ്ധമാണ്. കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിൻ്റെ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിൻ്റെ ഷൂട്ടിനിടെ ജോർദാനിൽ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.
കൊറോണ കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയിൽ ഐ.എസ് ഉൾപ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളിൽ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങൾ തൻ്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം. ദേശീയ അന്വേഷണ ഏജൻസികൾ തന്നെ ഇക്കാര്യങ്ങൾ അന്വേഷിക്കണം. ബഹിഷ്ക്കരിക്കാനല്ല മറിച്ച് എമ്പുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാം''.












Click it and Unblock the Notifications