എമ്പുരാനെ തൊട്ടതോ പിൻമാറ്റത്തിന് കാരണം? സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിൻവലിച്ച് ആന്റണി പെരുമ്പാവൂർ
നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ആന്റണി പെരുമ്പാവൂർ. മോഹൻലാൽ ചിത്രം എമ്പുരാൻ റിലീസ് ചെയ്യുന്ന മാർച്ച് 27 ന് ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ആന്റണി പോസ്റ്റ് പിൻവലിച്ചത്. എന്നാൽ എമ്പുരാൻ സിനിമയ്ക്കെതിരെ പ്രതികാര നടപടിയെടുക്കാനുള്ള നീക്കമെന്നും നിർമ്മാതാക്കളുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബ് വിശദീകരിച്ചു.
താരങ്ങൾക്കെതിരായ ജി സുരേഷ് കുമാറിന്റെ വിമർശനത്തോടെയാണ് സിനിമ മേഖലയിലെ സംഘടനകൾ തമ്മിലുള്ള പരസ്യ പോര് തുടങ്ങിയത്. സിനിമകളുടെ നിർമാണച്ചെലവ് വൻതോതിൽ കൂടിയെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും സുരേഷ് കുമാർ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറായില്ലെങ്കിൽ സിനിമാമേഖലയിൽ ജൂണിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

എന്നാൽ സുരേഷ് കുമാറിന്റെ പരാമർശത്തിനെതിരെ ഫിലിം ചേംബർ അംഗം കൂടിയായ ആന്റണി പെരുമ്പാവൂർ രംഗത്തെത്തി. ഫേസ്ബുക്കിലൂടെ അതിരൂക്ഷവിമർശനമാണ് ആന്റണി സുരേഷിനെതിരെ ഉയർത്തിയത്. സിനിമ സമരം നടത്തുമെന്ന് പ്രഖ്യാപിക്കാൻ ആരാണ് സുരേഷ് കുമാറിന് ചുമതല നൽകിയതെന്നും സംഘടന അംഗം ആയ താൻ പോലും ഇത്തരം കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്നും ആന്റണി പറഞ്ഞു. തന്റെ പുതിയ ചിത്രമായ എമ്പുരാന്റെ ബജറ്റ് അടക്കം പുറത്തുവിട്ട സുരേഷ് കുമാറിന്റെ നടപടിയേയും ആന്റണി ചോദ്യം ചെയ്തു. ആന്റണിയുടെ ഈ കുറിപ്പിന് വലിയ പിന്തുണയാണ് താരങ്ങളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. മോഹൻലാൽ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ തുടങ്ങിയവരെല്ലാം പോസ്റ്റിനെ പിന്തുണച്ചു.
നിർമ്മാതാക്കളുടെ സംഘടനയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കികൊണ്ടുള്ളതായിരുന്നു ഈ പ്രതികരണം. സംഘടനയിലെ ഭിന്നതയാണ് ഇതോടെ തുറന്നുകാട്ടപ്പെട്ടതെന്ന തരത്തിലുള്ള വിലയിരുത്തലുകളും വന്നു. പിന്നാലെ ആന്റണിയെ തള്ളി സംഘടന രംഗത്തെത്തിയിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം ആന്റണിക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെയാണ് എമ്പുരാൻ റിലീസ് ദിനമായ 27 ന് സൂചന പണിമുടക്ക് നടക്കുമെന്ന വാർത്തകൾ വന്നത്. എന്നാൽ പ്രചരിച്ചത് തെറ്റായ വാർത്തയായിരുന്നുവെന്നും അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കി.
അതേസമയം ബജറ്റ് വിവാദത്തിൽ ആന്റണി പെരുമ്പാവൂരുമായി ചർച്ച നടന്നതായും ചർച്ചയിലാണ് അദ്ദേഹം പോസ്റ്റ് പിൻവലിക്കാൻ തയ്യാറാണെന്ന് അറിയിച്ചതെന്നും ഫിലിം ചേംബർ പ്രസിഡന്റ് ബിആർ ജേക്കബ് പറഞ്ഞു. എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാർ നടത്തിയ പരാമർശമാണ് തന്നെ വേദനിപ്പിച്ചതെന്നും അതിനാലാണ് താൻ പോസ്റ്റിട്ടതെന്നുമാണ് ആന്റണി നൽകിയ വിശദീകരണമെന്നും അദ്ദേഗഹം വ്യക്തമാക്കി.












Click it and Unblock the Notifications