'ചേച്ചി ധൈര്യമായിരിക്ക്...'; മമ്മൂട്ടി പിന്തുണയറിയിച്ചെന്ന് മല്ലിക സുകുമാരന്‍, 'ലാലും പൃഥ്വിയെ വിളിച്ചിരുന്നു'
എമ്പുരാന്‍ സിനിമാ വിവാദത്തില്‍ നടന്‍ മമ്മൂട്ടി വിളിച്ച് പിന്തുണ അറിയിച്ചു എന്ന് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. മദ്രാസില്‍ വിശ്രമജീവിതം നയിക്കുന്ന സമയമായിട്ടും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പറയുന്നത് മമ്മൂട്ടിയുടെ വലിയ മനസാണ് എന്നും മല്ലിക പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. അവരുടെ വാക്കുകള്‍ ഇങ്ങനെയാണ്..
'ഇന്നലെ ഒരുപാട് പേര് വിളിച്ച് പിന്തുണ അറിയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിളിച്ചു. പെരുന്നാളായിട്ട് ഞാന്‍ പറയുകയാണ്. മരിച്ച് കഴിഞ്ഞാല്‍ പോലും മറക്കല്ലേ മക്കളെ എന്ന് പറഞ്ഞിട്ട് എന്റെ പിള്ളാരോട് ഒരു വാചകം പറഞ്ഞു. ഇക്കണ്ട സിനിമാലോകം മുഴുവന്‍ ചേച്ചി എന്റെ എഫ്ബി പോസ്‌റ്റൊന്ന് ഷെയര്‍ ചെയ്യണേ എന്ന് പറഞ്ഞ് വിളിക്കുന്ന ഒരുപാട് പേരുണ്ട്.

ഇത്രയും ആള്‍ക്കാര്‍ ഈ ചലച്ചിത്ര മേഖലയില്‍ പ്രശ്‌നത്തില്‍പ്പെട്ട് കിടക്കുമ്പോള്‍ ഇങ്ങോട്ട് വിളിച്ച രണ്ട് പേരുണ്ട്. ഒന്ന് സജി നന്ത്യാട്ട്, നിര്‍മാതാവ്. പിന്നെ ഞെട്ടിത്തരിച്ച് കൊണ്ട് ഞാന്‍ ഫോണ്‍ നോക്കുമ്പോള്‍ മമ്മൂട്ടിയുടെ എഫ്ബി പോസ്റ്റ് കണ്ടു എന്ന് പറഞ്ഞുള്ള മെസേജുണ്ട്. അദ്ദേഹം വിശ്രമത്തിലാണ്. മൂന്ന് മാസം കഴിഞ്ഞാല്‍ സജീവമായി സിനിമയിലേക്ക് വരും. ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ട് പോലുമില്ല.
അങ്ങനെ വിശ്രമിക്കുന്ന ഒരു മനുഷ്യന്‍ പെരുന്നാളിന്റെ തലേദിവസം എനിക്ക് മെസേജ് അയയ്ക്കുന്നത്. കാരണം അദ്ദേഹത്തിന് അറിയാം സുകുമാരന്‍ ചേട്ടന്റേയും മല്ലിക ചേച്ചിയുടേയും മക്കളെ കുറിച്ച് ഇങ്ങനെ പറഞ്ഞാല്‍ വിഷമമുണ്ടാകും എന്ന്. അങ്ങനെയുള്ള ഒരു കലാകാരനാണ് മമ്മൂട്ടി. ഞാന്‍ ഒരു കാലത്തും അത് മറക്കില്ല. മമ്മൂട്ടിയുടെ ചില രീതികളെ കുറിച്ച് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അദ്ദേഹം മാത്രമാണ് എനിക്ക് മെസേജ് അയച്ചത് സിനിമാക്കാരുടെ കൂട്ടത്തില്‍ നിന്ന്. വേറെ ആരും അയയ്ക്കണം എന്നല്ല. അത്രയും വലിയ ഉയരത്തില്‍ നില്‍ക്കുന്ന ഒരു കലാകാരന്‍. പൃഥ്വിരാജ് എവിടെ നില്‍ക്കുന്നു, മമ്മൂട്ടി എവിടെ നില്‍ക്കുന്നു. പെരുന്നാളിന്റെ തലേന്ന് വിശ്രമിച്ച് കൊണ്ട് മദ്രാസിലെങ്ങാനുമിരിക്കുന്ന മമ്മൂട്ടി എനിക്ക് മെസേജ് അയച്ചുകൊണ്ട് അതൊന്നും സാരമില്ല ചേച്ചി, അതെല്ലാം അതിന്റെ വഴിക്ക് വിട്ടുകളയണം എന്ന് പറഞ്ഞുള്ള മെസേജ് കണ്ടപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു.
ആ സമയത്തും അദ്ദേഹം സുകുവേട്ടന്റെ കുടുംബത്തെ ഓര്‍ത്തു എന്നുള്ളതാണ് എനിക്ക് മറക്കാനാകാത്തത്. ഈ പെരുന്നാള്‍ ദിവസം എല്ലാ അനുഗ്രഹങ്ങളും അദ്ദേഹത്തിന് കൊടുക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ്. സിനിമാമേഖലയില്‍ നിന്ന് ഒരുപാട് പേര് വിളിച്ച് പിന്തുണയറിയിച്ചിരുന്നു. അതില്‍ 80 ശതമാനം പേരും നിങ്ങള്‍ അറിയുന്നവരാണ്. അതുകൊണ്ട് ഞാന്‍ പേര് പറയുന്നില്ല.
എന്റെ ഫോണില്‍ വന്ന് കൊണ്ടിരിക്കുന്ന സ്ത്രീകളുടെ മെസേജ് കണ്ടാല്‍ കണ്ണ് നിറഞ്ഞ് പോകും. ചേച്ചി ധൈര്യമായിരിക്ക് എന്നാണ് എല്ലാവരും പറയുന്നത്. മോഹന്‍ലാല്‍ പൃഥ്വിരാജിനെ വിളിച്ച് സംസാരിക്കുന്നുണ്ട്.












Click it and Unblock the Notifications