ലാലേട്ടന്‍ മാപ്പ് പറഞ്ഞപ്പോള്‍ വിജയ് മീശ പിരിച്ചു, ഷാരൂഖ് ഉറച്ചുനിന്നു; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
എമ്പുരാന്‍ സിനിമയിലെ ചില രംഗങ്ങള്‍ക്കെതിരെ സംഘപരിവാര്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ മോഹന്‍ലാല്‍ മാപ്പ് പറഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വിജയിയും ഷാരൂഖ് ഖാനും മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാട്. ഗുജറാത്ത് കലാപത്തില്‍ സംഘപരിവാറിനും നിലവില്‍ രാജ്യം ഭരിക്കുന്നവര്‍ക്കും പങ്കുണ്ടെന്ന് കാണിച്ചതിന്റെ പേരിലാണ് എമ്പുരാനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്.
പിന്നാലെ നടന്‍ മോഹന്‍ലാല്‍ ഇതില്‍ മാപ്പ് പറയുകയും ചിത്രം റീ എഡിറ്റ് ചെയ്യും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കാലങ്ങളില്‍ തങ്ങളുടെ സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ ആക്രമണമുണ്ടായിട്ടും നിലപാടില്‍ ഉറച്ച് നിന്ന വിജയിക്കും ഷാരൂഖിനും സോഷ്യല്‍ മീഡിയയില്‍ കൈയടി ഉയരുന്നത്. 2017 ല്‍ മെര്‍സല്‍ എന്ന ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും വിമര്‍ശിച്ചതിന്റെ പേരിലാണ് വിജയ് സംഘപരിവാരത്തിന്റെ കണ്ണിലെ കരടായത്.

ഈ സിനിമയില്‍ ആശുപത്രികളില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്കെതിരെയും സ്വകാര്യ ആശുപത്രിയുടെ കൊള്ളകള്‍ക്കെതിരെയും നായകന്‍ നടത്തുന്ന പോരാട്ടമായിരുന്നു പ്രമേയം. സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാത്തതിനാല്‍ മരണപ്പെട്ട കുഞ്ഞുങ്ങളെ കുറിച്ചും ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കൂട്ടുന്നതും മദ്യത്തെക്കാള്‍ കൂടുതല്‍ ജിഎസ്ടി മരുന്നുകള്‍ക്ക് മേല്‍ ചുമത്തുന്നതുമെല്ലാം മെര്‍സലില്‍ പ്രതിപാദിച്ചിരുന്നു.
ക്ഷേത്രങ്ങളേക്കാള്‍ ആശുപത്രികളാണ് ഈ നാട്ടില്‍ ആവശ്യമെന്നും ചിത്രതതിലെ വിജയിയുടെ കഥാപാത്രം പറഞ്ഞിരുന്നു. ഇതൊക്കെ കാരണമാണ് സംഘപരിവാര്‍ വിജയിക്കെതിരെ തിരിഞ്ഞത്. വിജയിയുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നും ക്രിസ്ത്യന്‍ തീവ്രവാദിയാണെന്നും ആരോപിച്ച് ചിലര്‍ വ്യാപകമായ പ്രതിഷേധമാണ് നടത്തിയത്. ജിഎസ്ടിയെ പറ്റി പറയുന്ന ഭാഗം നീക്കണം എന്നും ആവശ്യമുയര്‍ന്നു.
എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ അതിന് മുതിര്‍ന്നില്ല. മാത്രമല്ല മെര്‍സലിലെ മീശ പിരിക്കുന്ന രംഗം തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറാക്കിയാണ് വിജയ് ഇതിന് മറുപടി കൊടുത്തത്. ഇതോടെ സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായി വിജയ് മാറി. മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ താരത്തിനെ ഇന്‍കം ടാക്സ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാം ജോസഫ് വിജയ് എന്ന പേരിലുള്ള ലെറ്റര്‍ പാഡ് പുറത്തുവിട്ടായിരുന്നു വിജയ് പ്രതികരിച്ചത്.
അടുത്തിടെ ഷാരൂഖ് ഖാനെതിരെയും ഇത്തരത്തില്‍ സംഘപരിവാര്‍ ആക്രമണമുണ്ടായിരുന്നു. പഠാന്‍ സിനിമ ഇറങ്ങിയ സമയത്ത് നായികയായ ദീപിക പദുക്കോണ്‍ കാവി ബിക്കിനി ധരിച്ചതായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. ിത്രത്തിനെതിരെ ബോയ്‌കോട്ട് ആഹ്വാനങ്ങളും ഭീഷണിയും ഉയര്‍ന്നിരുന്നുവെങ്കിലും ബിക്കിനി ഭാഗം നീക്കം ചെയ്യാനോ ഖേദം പ്രകടിപ്പിക്കാനോ അഭിനേതാക്കളോ അണിയറ പ്രവര്‍ത്തകരോ തയ്യാറായിരുന്നില്ല.












Click it and Unblock the Notifications